കൊടുങ്ങല്ലൂർ: നഗരസഭയും വെറ്ററിനറി പോളി ക്ലിനിക്കും ചേർന്ന് നഗരത്തിലെ നായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പിനുള്ള ക്യാമ്പുകൾ ആരംഭിച്ചു. ശാന്തിനികേതൻ സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, കൗൺസിലർമാരായ ചന്ദ്രൻ കളരിക്കൽ, ടി.കെ. ഗീത, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ടി.എ. ബാബുരാജ്, ഡോക്ടർ എൻ.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് വിവിധ വാർഡുകളിൽ ഈ മാസം 17 വരെ തുടരും. കുത്തിവയ്പ്പ് സൗജന്യമാണ്. വളർത്തു നായ്ക്കളുടെ ഉടമസ്ഥന്മാർ നിർബന്ധമായും നായ്ക്കൾക്ക് ലൈസൻസ് എടുത്തിരിക്കേണ്ടതാണ്. ലൈസൻസ് ലഭിക്കുന്നതിന് വാക്‌സിനേഷൻ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.