പുതുക്കാട്: ഓൺലൈൻ വ്യാപാരം സജീവമായതു മൂലം വലിയ പ്രതിസന്ധി നേരിടുകയാണ് ചെറുകിട വ്യാപാരികളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയവും കൊവിഡും തകർത്ത ബിസിനസ് രംഗം സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വ്യാപാരം വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നും ജനങ്ങളെ പർച്ചേയ്‌സ് ചെയ്യിക്കുന്നതിനായി പുത്തൻ ആശയങ്ങളുമായി എത്തിയിരിക്കുകയാണ് പുതുക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി. മേഖലയിലെ സ്ഥാപനങ്ങളിൽ നിന്നും ഈ മാസം 17 വരെ പർച്ചേയ്‌സ് ചെയ്യുന്നവർക്കായി വിലയേറിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജോജൊ കുറ്റിക്കാടൻ, ജന: സെകട്ടറി എം.ഡി. വിൻസെന്റ്, പ്രോഗ്രാം കൺവീനർ കെ.എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു.