 
അരിമ്പൂർ: കനത്ത മഴയെത്തുടർന്ന് വെള്ളം ഉയർന്നതോടെ കൈപ്പിള്ളി-വെളുത്തൂർ അകം പാടശേഖര ബണ്ടിന്റെ സ്ലൂയീസ് തകർന്ന് പടവിൽ വെള്ളം കയറി. ഇതോടെ ഏക്കർ കണക്കിന് നെൽക്കൃഷി വെള്ളത്തിനടിയിലായി. എൻജിൻ തറയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന സ്ലൂയീസാണ് തള്ളിപ്പോയത്. മഴയെ തുടർന്ന് പുറം കനാലിലും സമീപത്തെ പടവിലും വെള്ളം ഉയർന്നിരുന്നു. ഇതോടെ സ്ലൂയീസിലെ പലക തകർന്നു. 210 ഏക്കറുള്ള പാടശേഖരത്തിൽ മേൽക്കര ഭാഗത്തെ 80 ഏക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. ഒരു മാസം മൂപ്പുള്ള നെൽച്ചെടികളാണ് ഇവിടെയുള്ളത്. ഇതാണ് വെള്ളത്തിൽ മുങ്ങിയത്. വെള്ളം വറ്റിക്കുന്നതിനായി പമ്പിംഗ് നടക്കുന്നുണ്ട്. സ്ലൂയീസ് അടയ്ക്കുന്ന പണി നടക്കുന്നതായി സൂപ്പർവൈസർ കെ. സുരേഷ് പറഞ്ഞു.