കൊടകര: ഡി.വൈ.എഫ്.ഐ ആലത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഓണവിരുന്ന് ആരംഭിച്ചതായും സെപ്തംബർ 10 ന് അവസാനിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫുട്ബാൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, ക്യാരംസ് ടൂർണമെന്റ്, ചെസ് ടൂർണമെന്റ്, ചിത്രരചനാ മത്സരങ്ങൾ എന്നിവ പൂർത്തീകരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പൂക്കള മത്സരവും 10ന് വയോജന സംഗമവും സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ കുട്ടികളുടെ കായിക മത്സരങ്ങൾ, 4 മണിക്ക് 100 ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഉണ്ടാവും. സിനിമാ സീരിയൽ താരം അപ്‌സര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സമ്മാനവിതരണം, സമാപന പൊതുസമ്മേളനം, തുടർന്ന് കലാസന്ധ്യ എന്നിവ ഉണ്ടാവും. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖൻ എന്നിവർ മുഖ്യാതിഥികളുമാവും. സെപ്തംബർ 10 ന് 2 മണി മുതൽ ഓണംകളി മത്സരം നടക്കും. കാട്ടൂർ പൊഞ്ഞനം നടന കലാവേദി, ട്യൂൺസ് ഇരിങ്ങാലക്കുട എന്നീ ടീമുകൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് അംഗം എ. രാജീവ്, സംഘാടക സമിതി ചെയർമാൻ വി.ആർ. പൃഥ്വീരാജ്, ട്രഷറർ എൻ.ബി. ജിന്റ്, എ.എസ്. സിനേഷ് എന്നിവർ പങ്കെടുത്തു.