karchakal-samarpanam
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടന്ന കാഴ്ചക്കുല സമർപ്പണം.

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണവും തൃപുത്തിരിയും ഭക്തിസാന്ദ്രമായി നടന്നു. കാലത്തെ പന്തീരടി പൂജയ്ക്ക് ശേഷം കലവറക്ക് സമീപം പുത്തരിക്കുള്ള അരിയളക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം നടപ്പുരയിൽ നാക്കില വിരിച്ച് അരിമാവണിഞ്ഞ് നിലവിളക്ക് കൊളുത്തി പറനിറച്ച് ഭഗവതിക്ക് കാഴ്ചക്കുല സമർപ്പിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കമ്മിഷണർ എൻ ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, അസി. കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ. വിനോദ്, കോവിലകം പ്രതിനിധി, അടികൾമാർ എന്നിവർ ചേർന്നാണ് കാഴ്ചക്കുല സമർപ്പിച്ചത്. തുടർന്ന് ഭക്തജനങ്ങളും കാഴ്ചക്കുല സമർപ്പിച്ചു. അകമ്പടിയായി ഉത്രാട പഞ്ചാരിമേളം അരങ്ങേറി.

പുത്തരി നിവേദ്യം ചതുശതം എന്നിവയും നാലും വച്ച കറികളും ഉപ്പുമാങ്ങയും തിടപ്പിള്ളിയിൽ പ്രത്യേകം തയ്യാറാക്കി ഉഴിഞ്ഞ കെട്ടിയ വെള്ളി ഉരുളിയിലാക്കി ശംഖ് നാദത്തിന്റെ അകമ്പടിയോടെ കോവിലിലേക്ക് എഴുന്നള്ളിച്ച് പ്രത്യേക പൂജകൾ നടത്തിയതിനുശേഷം ചതുശത പായസം ഭക്തനങ്ങൾക്ക് വിതരണം ചെയ്തു. തുടർന്ന് നടന്ന ഉത്രാട സദ്യക്ക് വലിയ ജനത്തിരക്കുണ്ടായിരുന്നു.