വടക്കാഞ്ചേരി: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സാന്ത്വന സ്പർശമേകി വടക്കാഞ്ചേരി ശ്രീകൃഷ്ണാ നഴ്‌സിംഗ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികൾ. കരുമത്ര ആരോഗ്യമാതാ ദൈവാലയത്തിലെ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളോടൊപ്പം ഓണാഘോഷ പരിപാടികൾ നടത്തിയാണ് ശ്രീകൃഷ്ണാ നഴ്‌സിംഗ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികൾ പുത്തൻ തലം തീർത്തത്. ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളോടൊപ്പം ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾ ഓണപ്പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയും ആഹ്‌ളാദാരവം തീർത്തു. ശ്രീകൃഷ്ണാ നഴ്‌സിംഗ് ഇൻസ്റ്റിറ്റിയൂട്ട് മാനേജിങ് ഡയറക്ടർ മനോജ് കടമ്പാട്ട്, അദ്ധ്യാപകരായ ദിവ്യാ മഞ്ചേഷ്, മേരിവിജയം, സജിത്ത് എന്നിവർ നേതൃത്വം നൽകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.