
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ വിഗ്രഹം ഉറപ്പിക്കാനും പരിപോഷണത്തിനുമായുള്ള പാരമ്പര്യ ഔഷധപ്പശക്കൂട്ടായ അഷ്ടബന്ധം ഭഗവാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ സുന്ദർ മൂസതിന്റെ നേതൃത്വത്തിലായിരുന്നു അഷ്ടബന്ധം തയ്യാറാക്കിയത്. അഷ്ടബന്ധം മൺകലത്തിൽ ശംഖു പൊടിയിട്ട് വസ്ത്രത്താൽ ആവരണം ചെയ്താണെത്തിച്ചത്. പന്തീരടി പൂജയ്ക്ക് ശേഷം ചിറയത്ത് ഇല്ലത്തെ സുന്ദർശർമ, സുരേഷ് ശർമ്മ എന്നിവർ ചേർന്ന് അഷ്ടബന്ധക്കൂട്ട് സോപാനപ്പടിയിലെത്തിച്ചു സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. അഞ്ച് വർഷത്തിന് ശേഷമാണ് അഷ്ടബന്ധക്കൂട്ട് തയ്യാറാക്കുന്നത്.