 
കയ്പമംഗലം: വൃദ്ധസദനങ്ങളിലെ എൺപതോളം വരുന്ന അന്തേവാസികൾക്കായി പൊലീസ് ഒരുക്കിയ ഓണാഘോഷം ഹൃദ്യാനുഭവമായി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിൽ കാക്കാത്തുരുത്തി സീഷോർ ഫാമിലാണ് ഈ വേറിട്ട ഓണാഘോഷം നടന്നത്.
കരാഞ്ചിറ സെന്റ് ആന്റണീസ് കരുണാലയം, കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരം, പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരം എന്നിവിടങ്ങളിലെ അന്തേവാസികളാണ് പൊലീസിന്റെ അതിഥികളായി ഒരു പകൽ നീണ്ട ഓണം ആഘോഷിച്ചത്.
ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട അവരിൽ പലർക്കും ഒരിക്കലും മറക്കാനാവാത്ത ഓണം കൂടിയായി മാറി ഈ ദിവസം. തിരുവാതിരയും ഗാനമേളയും മൂന്നുതരം പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞ് ഓണപ്പുടവയുമായാണ് എല്ലാവരും യാത്രയായത്.
കൊടുങ്ങല്ലൂർ സബ് ഡിവിഷനിലെ എസ്.എച്ച്.ഒമാരുടെയും എസ്.ഐമാരുടെയും പങ്കാളിത്തത്തിലായിരുന്നു പരിപാടികൾ നടന്നത്. ജനമൈത്രി പൊലീസ് അംഗങ്ങളും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും പങ്കെടുത്തു. തൃശൂർ റൂറൽ എസ്.പി: ഐശ്വര്യ ദോംഗ്രെ കേരളീയ വസ്ത്രമണിഞ്ഞ് ചടങ്ങിൽ പങ്കെടുത്തു.