jalolsavam

തൃപ്രയാർ: തിരുവോണനാളിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുൻവശം കനോലികനാലിൽ നടന്ന തൃപ്രയാർ ജലോത്സവം എ ഗ്രേഡ് മത്സരത്തിൽ പാലാഴി ന്യൂപല്ലവി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്‌ളബ്ബിന്റെ താണിയൻ ജേതാക്കളായി. ബി ഗ്രേഡിൽ ടിപ്പു വാരിയേഴ്‌സിന്റെ ചെറിയ പണ്ഡിതനാണ് ഒന്നാം സ്ഥാനം.

എ ഗ്രേഡിൽ ജെ.ബി.ബി.സി പൈനൂരിന്റെ ഗോതുരുത്ത് പുത്രൻ രണ്ടാം സ്ഥാനവും ഒരുമനയൂർ സൺറൈസിന്റെ പുത്തൻപറമ്പിൽ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡിൽ വി.ബി.സി കല്ലുകടവിന്റെ മയിൽ പീലിക്കാണ് രണ്ടാം സ്ഥാനം. കരിക്കൊടി ദേശം ബോട്ട് ക്‌ളബ്ബിന്റെ ജി.എം.എസിനാണ് മൂന്നാം സ്ഥാനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജലോത്സവച്ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന കെ.വി. പീതാംബരൻ അനുസ്മരണയോഗത്തിൽ ടി. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. ജലോത്സവത്തിന്റെ ഭാഗമായുള്ള ജലഘോഷയാത്ര സി.സി. മുകുന്ദൻ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനാി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, ഡോ. വിഷ്ണുഭാരതീയ സ്വാമി, സി.പി. സാലിഹ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, മഞ്ജുള അരുണൻ, വി.എൻ. സുർജിത്ത്, സുനിൽ ലാലൂർ, എ.കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

മത്സരങ്ങൾക്കു ശേഷം റവന്യൂ മന്ത്രി കെ. രാജൻ ട്രോഫികൾ വിതരണം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് സ്വാഗതവും ബെന്നി തട്ടിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ പി.സി. ശ്രീദേവി, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ, കെ. ദിനേശ് രാജ, എം.വി. പവനൻ, പി.സി. ശശിധരൻ, സി.ജെ. റോബിൻ, അനിൽ എങ്ങൂര് എന്നിവർ നേതൃത്വം നൽകി. മത്സരം കാണാൻ ഇരുകരകളിലും വൻ ജനാവലിയുണ്ടായിരുന്നു.