 
തൃശൂർ: ഔഷധക്കൃഷിയിലൂടെ വരുമാനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ വെറുതെ കിടക്കുന്ന റവന്യൂഭൂമി ഉപയോഗിക്കുന്നതിന് ഔഷധി വിശദമായ പദ്ധതിരേഖ വൈകാതെ സർക്കാരിന് സമർപ്പിക്കും. വിവിധ വകുപ്പുകളുടെ പരിധിയിലെ സ്ഥലങ്ങൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതിയുടെ കരട് രൂപരേഖ നേരത്തെ സമർപ്പിച്ചിരുന്നു. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പണത്തിന് ശേഷം സർക്കാർ തുക വകയിരുത്തും.
സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്ഥലത്താണെങ്കിൽ ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണെങ്കിൽ അവയ്ക്കുമാകും ഔഷധക്കൃഷിയുടെ ചുമതല. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാം. ഉത്പന്നം ഔഷധി ഉൾപ്പെടെയുള്ള ആയുർവേദ സ്ഥാപനങ്ങൾക്ക് വിൽക്കാൻ സംവിധാനം ഒരുക്കും. വനംവകുപ്പിന്റെ സ്ഥലത്താണ് കൃഷിയെങ്കിൽ വിൽപ്പനയ്ക്ക് ട്രൈബൽ ഡവലപ്‌മെന്റ് ഏജൻസികളുടെ സഹായം തേടും.
വനംവകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിൽ ആദിവാസി, ഗോത്രവിഭാഗങ്ങളെ പങ്കാളികളാക്കും. താരതമ്യേന പരിപാലനം എളുപ്പമുള്ള ഔഷധ മരങ്ങളാണ് നടുക. തൊലിയോ വേരോ ചെത്തിയെടുക്കാൻ എട്ട് വർഷത്തെ വളർച്ച വേണം. മഞ്ഞക്കൊന്ന പോലെ അതിവേഗം വ്യാപിച്ചും വളർന്നും കാടിന് ഭീഷണിയാകുന്ന സസ്യങ്ങളെ നശിപ്പിച്ച് അവിടങ്ങളിൽ ഔഷധക്കൃഷി തുടങ്ങും.
വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടെ മഞ്ഞക്കൊന്ന വ്യാപനമുണ്ട്. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി അന്തരീക്ഷ മലിനീകരണം തടയാനും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. കൃഷി സംബന്ധിച്ചുള്ള വിവരങ്ങളും സാങ്കേതിക സഹായവും ഔഷധി നൽകും. തുടക്കത്തിൽ കണ്ണൂർ, പത്തനംതിട്ട, വയനാട്, തിരുവനന്തപുരം ജില്ലകളിലും തുടർന്ന് മറ്റിടങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കും.
സ്ഥാപനങ്ങളിലും ഔഷധക്കൃഷി
ദേവസ്വങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ളതും വെറുതെ കിടക്കുന്നതുമായ സ്ഥലങ്ങളിൽ ഇപ്പോൾ ഔഷധക്കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പത്ത് പഞ്ചായത്തുകളിൽ പദ്ധതി നടന്നുവരുന്നു. തൃശൂർ കളക്ടറേറ്റിനു മുമ്പിൽ ഔഷധോദ്യാനം ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും 10 സ്‌കൂളുകളെ തെരഞ്ഞെടുത്തും പദ്ധതി നടപ്പാക്കുന്നു. കർഷകർക്ക് കൃഷിയിടത്തിന്റെ വശങ്ങളിൽ ഔഷധമരങ്ങൾ നട്ടുവളർത്താം.
നടുന്നവയിൽ ചിലത്
വേങ്ങ, ഉങ്ങ്, അശോകം, മരുത്, രക്തചന്ദനം, വേപ്പ്, കുന്നി, കുറുന്തോട്ടി, ആടലോടകം, ഇരുവേലി, ചിറ്റരത്ത, കറ്റാർവാഴ.