1

തൃശൂർ: പുലിക്കളി മഹോത്സവത്തോട് അനുബന്ധിച്ച് കാഴ്ചക്കാരിൽ കൗതുകം നിറച്ച് ബാനർജി ക്ലബിൽ ചമയപ്രദർശനം തുടരുന്നു. റവന്യൂ മന്ത്രി കെ. രാജനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. പുലിക്കളിയെ ജനകീയമാക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

വിവിധ ദേശങ്ങൾ ഒരുക്കിയ പുലി വേഷങ്ങൾ ആസ്വദിച്ച മന്ത്രി രാധാകൃഷ്ണൻ ചെണ്ടയിൽ താളമിട്ട് ആവേശം പകർന്നു. പുലിമുഖങ്ങൾ, തോരണങ്ങൾ, അരമണികൾ, കാൽച്ചിലമ്പുകൾ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന ചമയങ്ങളെല്ലാം പ്രദർശനം ഇന്ന് (സെപ്തംബർ 10) സമാപിക്കും.

മേയർ എം.കെ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, ജോൺ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ചമയപ്രദർശനം കാണാൻ സൗകര്യമുണ്ട്.

അടുത്ത വർഷം കൂടുതൽ ടീമുകളെ ഉൾക്കൊളളിക്കാൻ സഹായം നൽകും. പുതിയ തലമുറയ്ക്ക് പുലിക്കളി ആകർഷകമാക്കാൻ പരിപാടി തയ്യാറാക്കും.

- കെ. രാജൻ, റവന്യൂ മന്ത്രി

കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷമെത്തിയ ഓണത്തെ വിപുലമായാണ് ജനങ്ങൾ ആഘോഷിക്കുന്നത്.

- കെ. രാധാകൃഷ്ണൻ, ദേവസ്വം മന്ത്രി