ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ കോളേജിൽ ഓണം ആഘോഷിക്കാൻ ഇക്കുറി ജപ്പാൻ സംഘവും എത്തിച്ചേർന്നു. ആയുർവേദത്തെക്കുറിച്ച് പഠിക്കാനും ആയുർവേദ ചികിത്സ ജപ്പാനിൽ പ്രചരിപ്പിക്കാനുമാണ് ജപ്പാൻ സംഘത്തിന്റെ ഉദ്ദേശ്യം. ഡയറക്ടർ സന്ധ്യാ മണ്ണത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻപും ജപ്പാനിൽ നിന്നുള്ള ഡോക്ടർമാർ അടങ്ങിയ സംഘം ആയുർവേദത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ പൂമുള്ളി കോളേജിൽ എത്തിയിരുന്നു. ഇത്തവണ എത്തിയ സംഘത്തിന് പി.എൻ.എൻ.എം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനും കഴിഞ്ഞു എന്നതാണ് സവിശേഷത. ഓണക്കോടിയുടുത്ത് പൂക്കളമിട്ടും ഓണസദ്യയുണ്ടും ഓണത്തിന്റെ ഐതിഹ്യങ്ങളറിഞ്ഞും വിദ്യാർത്ഥികളോടൊപ്പം ഓണവിപണിയുമൊക്കെ കണ്ട് ആവേശഭരിതരായിരിക്കുകയാണ് നാനാ മെറോക്കയുടെ നേതൃത്വത്തിലുള്ള സംഘം. ഓണമെന്ന് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ജപ്പാൻ സംഘം. അടുത്ത വർഷം വീണ്ടും എത്തുമെന്നും അവർ പറഞ്ഞു. ആയുർവേദ പഠനവും ഓണാഘോഷത്തിന്റെ ഓർമ്മകളുമായി സെപ്തംബർ അവസാനവാരം സംഘം ജപ്പാനിലേക്ക് മടങ്ങും.