puraskaramമേത്തല ശ്രീനാരായണ സമാജത്തിന്റെ 27-ാമത് ഗുരുദർശന പുരസ്‌കാരം ഡോ. സി.ആർ. സന്തോഷിന് സമാജം പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: മാരക സമരായുധങ്ങളില്ലാതെ സാമൂഹിക തിന്മകൾക്കെതിരെ പടപൊരുതിയ യോദ്ധാവായിരുന്നു ശ്രീനാരായണഗുരുവെന്ന് എൻ.എം. പിയേഴ്‌സൺ. അനീതിക്കും അസമത്വത്തിനും ജാതി ഭേദങ്ങൾക്കുമെതിരെ പടപൊരുതിയ കേരളത്തെ ആധുനികവത്കരിച്ച അദ്വൈതിയായിരുന്നു അദ്ദേഹം. അതിന്റെ വാക് രൂപമാണ് ദൈവദശകമെന്നും എൻ.എം. പിയേഴ്‌സൺ അഭിപ്രായപ്പെട്ടു. മേത്തല ശ്രീനാരായണ സമാജത്തിന്റെ 27-ാമത് ഗുരുർശന പുരസ്‌കാരം 'ദൈവദശകം ഗുരുവിന്റെ മഹായാനം' പുരസ്‌കാര കൃതിയുടെ അവലോകനവും ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കേരളത്തിന്റെ സർവോന്മുഖമായ പ്രബുദ്ധതയ്ക്കും ആരോഗ്യ പുരോഗതിക്കും കാരണം അദ്ദേഹത്തിന്റെ കർമങ്ങളും പ്രബോധനങ്ങളുമാണെന്ന് സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ മാസ്റ്റർ പ്രസ്താവിച്ചു. സി.കെ. നാരായണൻ കുട്ടി ശാന്തി ഭദ്രദീപം കൊളുത്തി. സമാജം സെക്രട്ടറി കെ.ബി. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. 25,000 രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം അവാർഡ് ജേതാവ് ഡോ. സി.ആർ. സന്തോഷിന് ശ്രീനാരായണ സമാജം പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ സമർപ്പിച്ചു. ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ എം.യു. ഷിനിജ നിർവഹിച്ചു. കവി പ്രവീൺ മോഹനനെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർ ഇ.ജെ. ഹിമേഷ്, അഡ്വ. എം. ബിജുകുമാർ, കെ.ആർ. അപ്പുക്കുട്ടൻ, സി.കെ. ശശി, കെ.കെ. ഗോപി, ടി.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് സി.ആർ സന്തോഷ് മറുപടി പ്രസംഗം നടത്തി.