കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തിയാഘോഷം കൊടുങ്ങല്ലൂർ യൂണിയനും യൂണിയന് കീഴിലുള്ള ശാഖകളും പോഷക സംഘടനകളും വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഇന്ന് പത്തിന് രാവിലെ 9ന് സമ്മേളന വേദിയായ നവരാത്രി മണ്ഡപത്തിന് മുമ്പിൽ ആഘോഷ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ധനുഷ സന്യാൽ പീത പതാക ഉയർത്തുന്നതോടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമാകും.
വൈകിട്ട് 4ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയന്റെയും യോഗം കൗൺസിലർ ബേബി റാമിന്റെയും യൂണിയനു കീഴിലുള്ള ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, വൈദിക യോഗം എന്നീ പോഷക സംഘടനകളുടെ ഭാരവാഹികളുടെയും നേതൃത്വത്തിൽ യൂണിയൻതല ഘോഷയാത്ര ചന്തപ്പുര നെടിയതളി ശിവക്ഷേത്രം പരിസരത്ത് നിന്നും സമ്മേളന വേദിയായ തെക്കേ നടയിലെ നവരാത്രി മണ്ഡപത്തിലേക്ക് പുറപ്പെടും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷനാകും. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമതി ജോയിന്റ് സെക്രട്ടറി സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ മുൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ ഭദ്രദീപം പ്രകാശിപ്പിക്കും. യോഗം കൗൺസിലർ ബേബി റാം ജയന്തിദിന സന്ദേശം നൽകും. യൂണിയൻ മുൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ, ജയന്തി ആഘോഷ കമ്മിറ്റി ചെയർപേഴ്‌സൻ ഡോ. ധനുഷ സന്യാൽ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പി.ആർ. ദിനിൽ മാധവ് എന്നിവർ സംസാരിക്കും. കഴിഞ്ഞ ദിവസം യൂണിയന്റെ നേതൃത്വത്തിൽ നടന്ന കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.