 
ഗുരുവായൂർ: തിരുവോണനാളിൽ ഗുരുവായൂരപ്പനെ ദർശിച്ച് സായൂജ്യമടയുന്നതിനും ഓണസദ്യയിൽ പങ്കെടുക്കാനുമായി പതിനായിരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ചടങ്ങുകളുടെ ഭാഗമായി രാവിലെയും ഉച്ചതിരിഞ്ഞും മേളത്തോടെ കാഴ്ചശീവേലി നടന്നു.
രാവിലെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും ഭരണസമിതി അംഗങ്ങളും നിരവധി ഭക്തരും ഓണപ്പുടവ സമർപ്പിച്ചു.
ക്ഷേത്രദർശനത്തിനും തിരുവോണ സദ്യയിൽ പങ്കെടുക്കുന്നതിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. അന്നലക്ഷ്മി ഹാളിലും ഹാളിന് പുറത്ത് പ്രത്യേക പന്തലും ഒരുക്കിയുമാണ് സദ്യ വിളമ്പിയത്. പതിനയ്യായിരത്തിലധികം ഭക്തർ ഓണസദ്യയിൽ പങ്കെടുത്തു. ഓലൻ, കാളൻ, എലിശ്ശേരി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയതായിരുന്നു സദ്യ.
ഉത്രാട കാഴ്ചക്കുലയായി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച നേന്ത്രപ്പഴം കൊണ്ട് തയ്യാറാക്കിയ പഴംപ്രഥമനും സദ്യയിലെ പ്രധാന വിഭവമായിരുന്നു. രാത്രി തിരുവോണ വിളക്കും നടന്നു. അവിട്ടം ദിനമായ ഇന്നലെയും ക്ഷേത്രത്തിൽ ദർശനത്തിനായി വൻതിരക്കാണ് അനുഭവപ്പെട്ടത്.