ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷൻ 14ൽ നിർമ്മിച്ച പത്ത് സ്‌നേഹവീടുകളുടെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരിഞ്ഞനം വെസ്റ്റ് ആറാട്ടുകടവിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. വാർഡ് 14ലെ ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ സഹകരണത്തോടെയും, ആസ്റ്റർ ഡി.എം ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയുമാണ് നിർദ്ധനരായ പത്ത് കുടുംബങ്ങൾക്ക്
വീടുകൾ നിർമ്മിച്ചത്. 500 മുതൽ 600 ചതുരശ്ര അടി വിസ്തൃതിയിലാണ് വീടുകളുടെ നിർമ്മാണം. ഇതിനായി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 40 ലക്ഷം രൂപ നൽകി. ബാക്കി 30 ലക്ഷം രൂപ ആർ.കെ ബേബിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും സ്വരൂപിക്കുകയായിരുന്നു. പെരിഞ്ഞനത്ത് ആറ് വീടുകളും കയ്പമംഗലത്ത് നാല് വീടുകളുമാണ് പണി തീർത്തത്. സ്‌നേഹ വീട് പദ്ധതിയിൽ ഏറ്റവും അർഹതപ്പെട്ടവർക്കാണ് വീടുകൾ നിർമ്മിച്ചു നൽകിയതെന്ന് സ്‌നേഹവീട് സംഘാടക സമിതി ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. അബീദലി, സംഘാടക സമിതി ജനറൽ കൺവീനർ ആർ.കെ. ബേബി, എൻ.കെ. അബ്ദുൾ നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.