house
ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ സോൾബി സുനിലും കുടുംബവും നടത്തിയ ഉപവാസം.

ചാലക്കുടി: സ്വകാര്യ വ്യക്തികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് കനാൽ പുറമ്പോക്കിലെ വീട് ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വീട്ടുകാർ തിരുവോണ ദിനത്തിൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ ഉപവാസം അനുഷ്ഠിച്ചു. പള്ളിക്കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പടിഞ്ഞാറെ മലയിൽ സോൾബി സുനിലാണ് ഭർത്താവും രണ്ട് പെൺ മക്കളുമടക്കം തിരുവോണ നാളിൽ പട്ടിണി സമരം നടത്തിയത്. ഭൂമാഫിയകൾക്ക് ഒത്താശ ചെയ്ത് കനാൽ പുറമ്പോക്കിലെ വീട് പൊളിക്കുന്ന നഗരസഭയുടെ അന്യായത്തിനെതിരെ വി. ഫോർ സംഘടനയും ഇവർക്ക് പിന്തുണയുമായെത്തി. ഇവരുടെ അമ്മയ്ക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നൽകിയെന്നും ഇക്കാരണത്താലാണ് വീട് പൊളിച്ചു മാറ്റാൻ തീരുമാനിച്ചതെന്നും നഗരസഭ അധികൃതർ പറയുന്നു. നടപടിയുടെ ഭാഗമായി ഇവരുടെ വീട്ടിലേയ്ക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകൾ നേരത്തെ വിഛേദിക്കുകയും ചെയ്തു. എന്നാൽ നഗരസഭ അധികൃതർ തെറ്റായ പ്രചരണം നടത്തുകയാണെന്ന് സോൾബി പറഞ്ഞു. അമ്മ റോസിലി ലാസറിനാണ് വീട് ലഭിച്ചതെന്നും തന്റെ പേരിലെ വീട് രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും സോൾബി സുനിൽ പറഞ്ഞു.