amrtha
അമൃത സുനി.

തൃശൂർ: ഇന്ന് ഗുരുദേവ ജയന്തി, നാടും നഗരവും പീതമയം. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. ശാഖാതലം മുതൽ യൂണിയൻ തലം വരെ ആഘോഷങ്ങൾ നടക്കും.

തൃശൂർ, കുന്നംകുളം, തലപ്പിള്ളി, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, കൊടകര, മുകുന്ദപുരം, നാട്ടിക, പീച്ചി, മണ്ണുത്തി, പുതുക്കാട്, ചേലക്കര, മാള, പെരിങ്ങോട്ടുകര എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ വിപുലമായ ജയന്തി ആഘോഷങ്ങളാണ് നടക്കുന്നത്. രാവിലെ ശാഖാതലങ്ങളിൽ ഘോഷയാത്രയും കലാകായിക പരിപാടികളും നടക്കും. വൈകീട്ട് യൂണിയൻ തലങ്ങളിൽ പൊതുസമ്മേളനങ്ങൾ നടക്കും.

എസ്.എൻ.ഡി.പി തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഗുരുജയന്തി ആഘോഷം നടക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ വൈകീട്ട് മൂന്നിന് ജയന്തി സമ്മേളനം നടക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അദ്ധ്യക്ഷനാകും. ഐ.ജി. പ്രസന്നൻ, സദാനന്ദൻ വാഴപ്പുള്ളി, അഡ്വ. സംഗീത വിശ്വനാഥൻ, ടി.ആർ. രഞ്ജു, കെ.കെ. മുകുന്ദൻ, ഡി. രാജേന്ദ്രൻ എന്നിവർ സംസാരിക്കും.

എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ പുലർച്ചെ നാല് മുതൽ വിശേഷാൽ പൂജകൾ നടക്കും. രാവിലെ 9.30ന് എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി ധർമ്മപതാക ഉയർത്തും. വൈകിട്ട് മൂന്നിന് ജയന്തി സമ്മേളനത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയിൽ മുഴുവൻ എ പ്ലസും, എ വണ്ണും നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.
ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ഭാരദ്വഹന മത്സരത്തിൽ ജൂനിയർ 81 കിലോ വിഭാഗത്തിൽ കന്നി മത്സരത്തിൽ തന്നെ വെങ്കലമെഡൽ നേടിയ മലയാളി താരം തൃശൂർ ചേറൂർ സ്വദേശിനി അമൃത സുനിയെ ചടങ്ങിൽ ആദരിക്കും.