 
പാലപ്പിള്ളി: പരുന്തുപാറയിൽ റോഡിനോട് ചേർന്ന് തേക്ക് തോട്ടത്തിൽ പതിനഞ്ചോളം കാട്ടാനകൾ കൂട്ടമായി നിൽക്കുന്നത് ജനങ്ങളിൽ ഭീതി പരത്തി. കഴിഞ്ഞ ദിവസം എലിക്കോട് കോളനിക്കടുത്ത് എത്തിയ കാട്ടാനക്കൂട്ടമാകാം പരുന്തുപാറയിലെത്തിയതെന്നും സംശയമുണ്ട്. എലിക്കോട് നിന്നും നാലു കിലോമീറ്റർ മാത്രം മാറിയാണ് പരുന്തുപാറ. എലിക്കോട് ആദിവാസിക്കോളനിക്കടുത്ത് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയതറിഞ്ഞാണ് കുങ്കിയാനകളെ എലിക്കോട് എത്തിച്ചത്. ആർ.ആർ.ടി വളണ്ടിയർമാർ ഓണാവധിക്ക് പോയതിനാൽ കുങ്കിയാനകളെ എലിക്കോട് സ്‌പെഷ്യൽ എലിഫന്റ് സ്‌കോഡ് സെന്ററിനടുത്ത് തളച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയിൽ കാട്ടാനകൾ കുങ്കിയാനകളുടെ അടുത്ത് വരെ എത്തിയിരുന്നതായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. കാട്ടനകളെ കണ്ടതോടെ കുങ്കിയാനകൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ കാട്ടാനകൾ സ്ഥലം വിട്ടതായി പറയുന്നു. എലിക്കോട്ടെക്കും കുങ്കിയാനകളെ എത്തിക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം. ആർ.ആർ.ടി വളണ്ടിയർമാർ ഓണാവധിക്ക് ശേഷം തിരിച്ചെത്തുന്നതോടെ കാട്ടാനകളെ കാടുകയറ്റൽ തുടരും.