 
തൃശൂർ: ജില്ലയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ അക്രമത്തിൽ ഭിന്നശേഷിക്കാരിയായ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. തൃശൂർ തിപ്പലശ്ശേരിയിൽ ഭിന്നശേഷിക്കാരായ മേഴത്തൂർ ആശാരി വീട്ടിൽ ശശിയും ഭാര്യ ഷൈനിയും സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഓടിവന്ന തെരുവു നായ പിറകെ ഓടിയെത്തി കടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഷൈനിയെ(35) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന ഒട്ടോഡ്രൈവറെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. അഞ്ചേരി സ്‌കൂളിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തറയിൽ സന്തോഷിന്(52) ആണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
സ്റ്റാൻഡിൽ ഓട്ടോറിക്ഷ നിറുത്തി ഇരിക്കുമ്പോഴാണ് അലഞ്ഞ് നടക്കുന്ന നായ വന്ന് സന്തോഷിന്റെ കാലിൽ കടിച്ചത്. ഉടൻ മറ്റു ഡ്രൈവർമാർ ബഹളം വച്ചതോടെ നായ ഓടിപ്പോയി. ഇയാളെ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടി. പ്രദേശത്ത് നായശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയിൽ ഇവയെ പേടിച്ച് നടക്കേണ്ട സ്ഥിതിയാണ്.