ggggg

മിന്നൽ ചുഴലിയിൽ മരം വീണുണ്ടായ നാശ നഷ്ടം

അരിമ്പൂരിൽ വ്യാപക നഷ്ടം

അരിമ്പൂർ: ഇന്നലെ രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ അരിമ്പൂർ ഉദയനഗർ തേമാലിപ്പുറം, ചക്കിമുന, എൻ.ഐ.ഡി റോഡ് എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടം. അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞെങ്കിലും ആളപായമില്ല.

രാവിലെ പത്തരയ്ക്ക് ഏകദേശം അര മിനിറ്റ് മാത്രമാണ് മിന്നൽ ചുഴലി വീശിയത്. എൻ.ഐ.ഡി റോഡിൽ 30 വാഴകൾ ഒടിഞ്ഞു വീണു. ഐ.സി.എസ്.ഇ സ്‌കൂളിലെ തേക്ക് മരം കടപുഴകി വീണ് മതിൽ തകർന്നു. ആറ് ഇലക്ട്രിക് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞ് വീണ് തേമാലിപ്പുറം വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ഇടയ്ക്കാട് ജിതേഷിന്റെ വീടിന് മുകളിലേക്ക് മാവ് ഒടിഞ്ഞു വീണ് ചിമ്മിനിയും വീടിന്റെ മുകൾ ഭാഗവും തകർന്നു. വടക്കേടത്ത് ഡോ. ഉണ്ണിക്കൃഷ്ണന്റെ വീടിന്റെ ഷീറ്റിട്ട ഭാഗം മരം വീണ് തകർന്നു. വടക്കേടത്ത് ബാബുരാജിന്റെ വീടിന്റെ സൺഷെയ്ഡ് തകർന്നിട്ടുണ്ട്. വട്ടപ്പറമ്പിൽ സജിനി, കുരുതുകുളങ്ങര വിൻസെന്റ് എന്നിവരുടെ മതിലുകൾ മരം വീണ് തകർന്നു.

മാളോക്കാരൻ വിൻസെന്റ്, ഇടയ്ക്കാട്ടിൽ മേഘന, പണ്ടാരിക്കൽ രാജീവ്, ബാബു എന്നിവരുടെ വീടിനോട് ചേർന്നുനിന്നിരുന്ന കൂറ്റൻ മരങ്ങൾ കാറ്റിൽ നിലംപൊത്തി. കാഞ്ഞിരത്തിങ്കൽ ജോഷിയുടെ വീടിന്റെ മുകളിലെ ഷീറ്റ് കാറ്റിൽ പറന്നു പോയി. പുന്നയിൽ സലീഷിന്റെ മത്സ്യക്കൃഷി നടത്തുന്ന ഷെഡ് തകർന്നു.

കോലാട്ട് കുട്ടന്റെ എയ്‌സ് വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ മരം വീണ് തകർന്നു. മഴയോടൊപ്പം പൊടുന്നനെയുണ്ടായ കാറ്റിൽ ആളപായമുണ്ടാകാത്തത് വലിയ ആശ്വാസമായി. ഇലക്ട്രിക് ലൈനുകൾ കെ.എസ്.ഇ.ബി അധികൃതരെത്തി ശരിയാക്കി മണിക്കൂറുകൾക്കും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

രണ്ടാം വാർഡിലാണ് നാശനഷ്ടങ്ങൾ ഏറെയും. വാർഡ് മെമ്പർ സി.പി. പോളിന്റെ നേതൃത്വത്തിൽ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് ഷിമി ഗോപി, ബ്ലോക്ക് മെമ്പർ കെ.കെ. ശശിശധരൻ തുടങ്ങിയവർ മരങ്ങൾ നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങി. നാശനഷ്ടങ്ങളുണ്ടായവരോട് നഷ്ടപരിഹാരത്തിനായി രേഖകൾ ഹാജരാക്കാൻ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു.