കൊടുങ്ങല്ലൂർ: ആലഗോതുരുത്ത് ശാഖയിൽ ചതയാഘോഷം നടത്തി. ചതയാഘോഷ കമ്മിറ്റി ചെയർമാൻ മണികണ്ഠൻ അരയംപറമ്പിൽ ഭദ്രദീപം കൊളുത്തി. തുടർന്ന് ഗുരുപൂജയും ഗുരുദേവ കീർത്തനങ്ങളുടെ ആലാപനവും മധുരവിതരണവും നടത്തി. ശാഖാ പ്രസിഡന്റ് സതീഷ് ആലയിൽ, സെക്രട്ടറി വിജയകുമാർ തുമ്പരപ്പുള്ളി, അശോകൻ കളപ്പുരയ്ക്കൽ, ജയലക്ഷ്മി ടീച്ചർ, എം.ജി. വേണുഗോപാൽ, ജിനേഷ് ചൂരപ്പെട്ടി, എ.ഡി. ബാബു, സുജിത്ത് മംഗലത്ത്, രാജീവൻ കൊക്കുവായിൽ, സന്ധ്യ മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.
പുല്ലൂറ്റ്: നായ്ക്കുളം ശ്രീനാരായണ സാംസ്കാരിക സമിതി ഗുരുജയന്തി ആഘോഷിച്ചു. ഗുരുപൂജയും പ്രാർത്ഥനയും നടന്നു. തുടർന്ന് സമിതിയുടെ വാർഷിക പൊതുയോഗം നടത്തി. മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ, കാഷ് അവാർഡ് വിതരണം ചെയ്തു. വി.കെ. ഗോപിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് രസ്യക്കും, കാട്ടുപറമ്പിൽ ഹരിഹരന്റെ പേരിലുള്ള എൻഡോവ്‌മെന്റ് അബിൽദാസിനും വൈസ് പ്രസിഡന്റ് ഹരിദാസൻ സമ്മാനിച്ചു. ഗുരുകാരുണ്യം ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ആശുപത്രിയിൽ കിടന്ന് ചികിത്സ നേടിയ മൂന്ന് പേർക്ക് ചികിത്സാ സഹായധനം നൽകി. വിവാഹ സഹായധനവും വിതരണം ചെയ്തു. 60 വയസ് കഴിഞ്ഞവർക്ക് ക്ഷേമ പെൻഷൻ നൽകുവാനും തീരുമാനിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് കെ.വി. മോഹനൻ, വൈസ് പ്രസിഡന്റ് സി.കെ. വാസുദേവൻ, സെക്രട്ടറി സി.ഇ. ദാസൻ, ജോ: സെക്രട്ടറി സി.എച്ച്. ഹരിദാസൻ, ഖജാൻജി സതീദേവി ഹരിഹരൻ എന്നിവരെ തിരഞ്ഞെടുത്തു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി മേത്തല ശാഖയിൽ ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചെമ്മാലിൽ നാരായണൻ കുട്ടി തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഗുരുപൂജയും, അർച്ചനയും, സമൂഹ പ്രാർത്ഥനയും നടത്തി. തുടർന്ന് ഗുരുദേവ ച്ഛായാചിത്രം വഹിച്ചുകൊണ്ട് താളമേളങ്ങളുടെ അകമ്പടിയോടെ ഗ്രാമപ്രദക്ഷിണം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മേത്തല സെന്റ് ജൂഡ് പള്ളിയിലെ ഫാദർ ജോസഫ് ഓളാട്ടുപുറം മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർ പി.എ. ഹരികൃഷ്ണൻ, ഡോക്ടർ മിഥില മാധവൻ, ഡോക്ടർ ഷൈലപ്പൻ, ശാഖാ പ്രസിഡന്റ് ശങ്കർ ചള്ളിയിൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും, മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ കമ്മിറ്റി അംഗം എൻ.ജി. ജയറാം മാസ്റ്റർ സ്വാഗതവും സെക്രട്ടറി യമുന സുരേഷ് നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ: എസ് എൻ.ഡി.പി കോട്ടപ്പുറം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവജയന്തി ആഘോഷവും വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണവും നടത്തി. യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു. 75 വയസ് തികഞ്ഞ ശാഖാ മെമ്പർമാരെ ആദരിക്കുന്ന ചടങ്ങ് ദിനിൽ മാധവ് നിർവഹിച്ചു. ടി.യു. മോഹനൻ അദ്ധ്യക്ഷനായി. കെ.പി. രഘു, ശശാങ്കൻ കൈതവളപ്പിൽ എന്നിവർ സംസാരിച്ചു. രഘു കളപ്പുരക്കൽ സ്വാഗതം പറഞ്ഞു.