കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകളം യൂണിയനും ശാഖകളും പോഷക സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച 168-ാമത് ഗുരു ജയന്തി ആഘോഷം കുന്നംകളം നഗരസഭ ടൗൺ ഹാളിൽ നടന്നു. രാവിലെ 5 മണിക്ക് ഗുരുപൂജ, ഗണപതി ഹോമം, പ്രാർത്ഥന യോഗം, സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, വിദ്യാഭ്യാസ മികവിനുളള പുരസ്‌കാരദാനം, സമൂഹസദ്യ എന്നിവ നടന്നു. പൊതുസമ്മേളനം കുന്നംകളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ കെ.ആർ. രജിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇൻചാർജ് കെ.എം. സുകുമാരൻ ഗുരുജയന്തി സന്ദേശം നൽകി. ഡോ. എം.എം. ബഷീർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. പി.എസ്. പ്രേമാനന്ദൻ, ചന്ദ്രൻ കിളിയംപറമ്പിൽ, സുധ വിജയൻ, ദർശൻ ഇടവന എന്നിവർ സംസാരിച്ചു. പി.കെ. സുനിലിനെ (പ്രിയ ഇൻസ്റ്റിറ്റിയൂട്ട്, കുന്നംകളം) ഗുരുപ്രസാദം അവാർഡ് നൽകി ആദരിച്ചു. ഇലക്ട്രോണിക് എൻജിനീയറിംഗിൽ പി.എച്ച്.ഡി നേടി ഉന്നതവിജയം കൈവരിച്ച വി.എച്ച്. അതുലിനെ പുരസ്‌കാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടി വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളായവരുടെ മക്കളെ മൊമെന്റോ, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ നൽകി ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണത്തെ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. 64 ആഴ്ചകളായി എല്ലാ ഞായറാഴ്ചകളിലും നടന്നു വരുന്ന പഠനക്ലാസിൽ പങ്കെടുക്കുന്ന ബാലജനയോഗം കുട്ടികളാണ് ആഘോഷ പരിപാടികൾ നിയന്ത്രിച്ചത്. വിഭവസമൃദ്ധമായ സമൂഹസദ്യയും നടന്നു.