aaaaഅംഗൻവാടി പുതുക്കി പണിയുന്നതിന് പഴയം കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലം കാടുപിടിച്ച നിലയിൽ.

കാരമുക്ക് പന്ത്രണ്ടാം വാർഡ് അംഗൻവാടി കെട്ടിട നിർമ്മാണം പ്രതിസന്ധിയിൽ

കാഞ്ഞാണി: കാരമുക്ക് പന്ത്രണ്ടാം വാർഡ് ലക്ഷം വീടിനുള്ളിലെ അംഗൻവാടി കെട്ടിട നിർമ്മാണം ഇപ്പോഴും നിയമക്കുരുക്കിൽ. മുപ്പത്തിരണ്ട് വർഷം പഴക്കമുള്ള 86-ാം നമ്പർ നിഷ അംഗൻവാടി കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും നിർമ്മാണ പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല. കെട്ടിട നിർമ്മാണത്തിന് മണലൂർ എം.എൽ.എയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നത്.

നിയമാനുസൃതമായ കലാവധിക്കുള്ളിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. കാരമുക്ക് ഗ്രാമീണ വായനശാലയിലാണ് ഇപ്പോൾ താത്കാലികമായി അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടെ 15 കുട്ടികളാണ് പഠിക്കുന്നത്. കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങളും ഇവിടെയില്ല. എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.

അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതൊടോപ്പം സർക്കാർ പതിച്ചുനൽകിയ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് സ്ഥലവാസികളുടെ ആവശ്യം അംഗീകരിച്ച് തൃശുർ റവന്യൂവകുപ്പ് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിട്ട് മാസങ്ങളായി. അധികൃതർ ഭൂമി അളക്കാൻ തയ്യാറാകാത്തതാണ് നിർമ്മാണം വൈകാൻ കാരണം.

ബിന്ദു

വാർഡ് അംഗം