 
അരിമ്പൂർ: ആയോധന കലയിലും അത്‌ലറ്റിക്‌സിലും മികവ് തെളിയിച്ച സഹോദരങ്ങൾ ആ മേഖലകളിലെ ഭാവിക്ക് വേണ്ടി കനിവ് തേടുന്നു. അരിമ്പൂർ പരയ്ക്കാട് കൃഷിഭവന് സമീപത്തുള്ള വാടക വീട്ടിൽ താമസിക്കുന്ന ചങ്ങരംകണ്ടത്ത് ബാബു- ആശ ദമ്പതികളുടെ മക്കളായ ആദർശ് (24), അക്ഷയ് (21 ) എന്നിവരാണ് സഹായത്തിനായി കാത്തിരിക്കുന്നത്. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കാലം തൊട്ടേ ആദർശും അക്ഷയ്‌യും കായിക മത്സരങ്ങളിൽ തത്പരരായിരുന്നു. പ്രാദേശിക മത്സരങ്ങളിലെല്ലാം അവർ സമ്മാനങ്ങൾ വാരിക്കൂട്ടി. ഗൃഹനാഥൻ ബാബു ആലുവയിൽ ടൈലറായി ജോലി നോക്കിയാണ് അഞ്ചംഗ കുടുംബം പുലർത്തുന്നത്. ആദർശ് പി.ജി. വിദ്യാർത്ഥിയാണ്. അക്ഷയ് പ്ലസ് ടു കഴിഞ്ഞു. സഹോദരി അഞ്ജന (15) പ്ലസ് വണ്ണിലേക്കും പഠിക്കുന്നു. പരിശീലനത്തിനും മത്സരത്തിനും പങ്കെടുക്കാനായി പോകാനുള്ള ചെലവുകൾ നാട്ടിൻപുറത്തെ ക്ലബ്ബുകളും സുഹൃത്തുക്കളുമാണ് പലപ്പോഴും വഹിക്കുന്നത്.
ലോംഗ് ജമ്പിലും ഓട്ടമത്സരത്തിലുമാണ് ആദർശിന് ഏറെ കമ്പം. 2019 ലെ സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ ലോംഗ് ജമ്പിൽ വെള്ളിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന 4ഃ 100 മീറ്റർ റിലേയിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കലവും 2020ൽ ജില്ലാ മത്സരത്തിൽ സ്വർണവും നേടി. ഈ വർഷം 3 സംസ്ഥാന മീറ്റുകളിലും പങ്കെടുത്തു.
സഹോദരൻ അക്ഷയ് ആയോധന കലയായ പെൻകാക് സിലാറ്റിലാണ് താത്പര്യം. 2019 ൽ സംസ്ഥാനതലത്തിൽ നടന്ന മത്സരങ്ങളിൽ ഇൻഡോർ, ഔട്ട്‌ഡോർ വിഭാഗങ്ങളിലായി സ്വർണവും വെങ്കലവും നേടി. 2020ൽ ആന്ധ്രപ്രദേശിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കലം നേടി. 2021 ൽ സംസ്ഥാനതലത്തിൽ സ്വർണവും കരസ്ഥമാക്കി. ദേശീയ മത്സരങ്ങൾക്ക് റഫറിയായി നിൽക്കാനുള്ള യോഗ്യതയും അടുത്തിടെ നേടി.
2019-20ൽ ചെന്നൈയിലെ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം പോകാനായില്ലെന്ന വ്യസനവും അക്ഷയ് പങ്കിട്ടു. പെയ്ന്റിംഗ്, വെൽഡിംഗ്, പത്ര വിതരണം, കാറ്ററിംഗ് ജോലികൾക്കൊക്കെ പോയി ഈ സഹോദരങ്ങൾ തങ്ങളുടെ സ്‌പോർട്‌സ് ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാതെ വരുന്നതാണ് അവസ്ഥ. നല്ലൊരു സ്‌പോൺസറെ കണ്ടെത്തി തങ്ങളുടെ കായിക മോഹങ്ങൾക്ക് ചിറക് വയ്പ്പിക്കാനുള്ള ശ്രമത്തിലാണ് ഈ സഹോദരങ്ങൾ.