dog-

തൃശൂർ: തെരുവുനായ്ക്കളുടെ അക്രമണവും പേവിഷബാധയും വ്യാപകമായതോടെ ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിനായി (എ.ബി.സി) ജില്ലയിൽ തുടങ്ങാൻ തീരുമാനിച്ച 4 സെന്ററുകളിൽ രണ്ടെണ്ണം മാളയിലും ചാവക്കാട്ടും. മാള ബ്‌ളോക്കിന് കീഴിലും ചാവക്കാട് നഗരസഭയിലുമായി നിലവിലുളള മൃഗാശുപത്രിയോട് ചേർന്നാകും സെന്ററുകൾ.

എ.ബി.സി നിബന്ധനകൾ അനുസരിച്ച് ഒരുക്കുന്ന കേന്ദ്രങ്ങൾ ഒക്ടോബർ അവസാനത്തോടെ തുറന്നുകൊടുക്കാനാകും. ഓപ്പറേഷൻ തിയേറ്റർ, പ്രീ, പോസ്റ്റ് ഓപറേറ്റീവ് വാർഡുകൾ, കൂടുകൾ, ഷെൽട്ടർ, സി.സി.ടി.വി കാമറകൾ എല്ലാം ഉൾപ്പെടുന്ന കേന്ദ്രമാണിത്. ഓരോ യൂണിറ്റിന് നാല് പട്ടിപിടുത്തക്കാരും സഹായികളുമുണ്ടാകും. ഒരു ഡോക്ടർക്കും ചുമതല നൽകും. നായ്ക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതൽ ഡോക്ടേഴ്‌സിനെ നിയോഗിക്കും. നാട്ടുകാരുടെ എതിർപ്പ് കാരണം ഷെൽറ്റർ ഒരുക്കാൻ സ്ഥലം കിട്ടുന്നില്ലെന്ന് പരാതികളുണ്ടായിരുന്നു.

ഓണാഘോഷങ്ങൾക്ക് ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ കുമിഞ്ഞതോടെ നായ്ശല്യം രാവും പകലും കൂടി. എല്ലാ പഞ്ചായത്തുകളിലേയും മൃഗാശുപത്രിയിൽ റാബീസ് വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, തെരുവുനായ്ക്കളെ പിടികൂടാനോ കുത്തിവെപ്പ് നടത്താനോ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എ.ബി.സി. ചെയ്യുന്നതിന് കോർപറേഷനിലെ സെന്റർ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

പട്ടി പിടിത്തക്കാർ ഉണ്ടോ?

ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം നടത്തുന്ന സെന്ററുകളിലേക്ക് ഡോഗ് കാച്ചേഴ്‌സിനെ നിയമിക്കാനും വിദഗ്ദ്ധ പരിശീലനം നൽകാനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ പിടികൂടാൻ ആളെ കിട്ടാത്തത് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ മാസം 30നകം വകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. ഇവർക്കുള്ള പരിശീലനം ഊട്ടിയിൽ നടത്തുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി. സൂരജ വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിന് മുകളിൽ പ്രായമുള്ള (ജനിച്ച് 60 ദിവസം കഴിഞ്ഞ) എല്ലാ നായ്കുട്ടികൾക്കും ഈ മാസം 15നകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധകുത്തിവയ്പ് എടുക്കണമെന്നതും കർശനമാക്കി.

വാക്‌സിൻ ലഭ്യത കൂട്ടി

എവിടെയെങ്കിലും വാക്‌സിൻ ലഭ്യതക്കുറവുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വാക്‌സിൻ വാങ്ങാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങളായി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സിറം ചികിത്സ ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങൾ

ഗവ. മെഡിക്കൽ കോളേജ്
ജനറൽ ആശുപത്രി തൃശ്ശൂർ
താലൂക്ക് ആശുപത്രി ചാലക്കുടി

ഐ.ഡി.ആർ.വി കുത്തിവെയ്പ്പ് ലഭ്യമായവ: 65

ഗവ. മെഡിക്കൽ കോളേജ്
ജനറൽ ആശുപത്രി തൃശൂർ, ഇരിങ്ങാലക്കുട
ജില്ലാ ആശുപത്രി വടക്കാഞ്ചേരി
താലൂക്ക് ആശുപത്രികൾ: ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, പുതുക്കാട്, ചേലക്കര
ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി കൊരട്ടി
സി.എച്ച്.സി, എഫ്.എച്ച്.സികൾ