
തൃശൂർ: അസുരവാദ്യത്തിന്റെ രൗദ്രതാളത്തിനൊത്ത് ചുവടുവച്ച് പുലിക്കൂട്ടങ്ങൾ, ഇരമ്പിയെത്തിയ ജനക്കൂട്ടം, തൃശൂരിന് പുളകച്ചാർത്തായി പുലിക്കളി. കഴിഞ്ഞ തൃശൂർ പൂരത്തിന് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെ ശക്തന്റെ തട്ടകത്തെത്തിയ ജനസാഗരം.
അസുരവാദ്യത്തിമിർപ്പിൽ അരമണി കിലുക്കി പുലികളുടെ ചുവടുവയ്പ് ആസ്വദിക്കാൻ പതിവിലും കൂടുതലാളുകളെത്തി. രാവിലെ അഞ്ചുമുതൽ ആരംഭിച്ച ഒരുക്കത്തിനൊടുവിൽ മൂന്നരയോടെയാണ് ദേശങ്ങളിലെ പുലിമടകളിൽ നിന്ന് പുറത്തുചാടി പുലിസംഘങ്ങൾ ശക്തന്റെ തട്ടകത്തേക്ക് നീങ്ങിയത്. തേക്കിൻകാടിനെ ചുറ്റി ഇരമ്പിയാർത്ത പുലിക്കൂട്ടങ്ങൾ ആൾക്കൂട്ടങ്ങളെ ആവേശത്തിലാക്കി.
പുലികളുടെ ശൗര്യം കണ്ട് മഴമേഘങ്ങൾ വരെ ഭയന്നുവിറച്ചു. കൊവിഡ് കവർന്ന രണ്ട് വർഷത്തിനുശേഷം വന്ന പുലിക്കളി ജനം ആഘോഷമാക്കി മാറ്റുകയായിരുന്നു. അവധി ദിവസമായതിനാൽ ആൾക്കൂട്ടം സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും നിറഞ്ഞു. കരിമ്പുലി, രാത്രിയിലും കാഴ്ച ലഭിക്കുന്ന ഫ്ളൂറസെന്റ് പെയിന്റുകൾ പൂശിയ പുലികൾ, പുള്ളിപ്പുലികൾ, കരിമ്പുലികൾ എന്നിങ്ങനെ വൈവിദ്ധ്യങ്ങളോടെയാണു പുലികളെത്തിയത്.
ഓരോ സംഘത്തിനുമൊപ്പം ഒന്നുവീതം പ്ലോട്ടുകളും പുലിവണ്ടിയുമാണ് ഉണ്ടായിരുന്നത്. പൂങ്കുന്നം, വിയ്യൂർ, അയന്തോൾ, കാനാട്ടുകര, ശക്തൻ ദേശങ്ങളായിരുന്നു പുലിക്കളിയാഘോഷത്തിൽ പങ്കെടുത്തത്. പുലിനിറ, താളച്ചുവടുകളുടെ വിസ്മയം ആസ്വദിക്കാൻ വിദേശികളുമുണ്ടായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന മെയ്യെഴുത്ത് പൂർത്തിയാക്കി വൈകീട്ട് മൂന്നോടെയാണ് ദേശങ്ങളിൽ നിന്നും പുലികൾ സ്വരാജ് റൗണ്ടിലേക്ക് പുറപ്പെട്ടത്.
കുട്ടിപ്പുലികളും കുടവയറൻ പുലികളുമെല്ലാം അരയിൽ മണി കെട്ടി പുറത്തുകടന്നതോടെ ജനം ആവേശത്തിലായി. അയ്യന്തോൾ ദേശത്തിന്റെ പുലിക്കളി സംഘം കർഷക നഗറിൽ നിന്ന് ആരംഭിച്ച് സിവിൽലൈൻ, പടിഞ്ഞാറേക്കോട്ട വഴിയാണ് സ്വരാജ് റൗണ്ടിൽ കടന്നത്. ശക്തൻ പുലിക്കളി സംഘം എം.ഒ. റോഡ് വഴിയും പൂങ്കുന്നം ദേശം പടിഞ്ഞാറെക്കോട്ട, എം.ജി റോഡ് വഴിയും കാനാട്ടുകരദേശം കേരളവർമ കോളേജ് പരിസരത്തു നിന്ന് ആരംഭിച്ച് പടിഞ്ഞാറെക്കോട്ട, എം.ജി റോഡ് വഴിയും സ്വരാജ് റൗണ്ടിൽ പ്രവേശിച്ചതോടെ എത്തിയ ചാറ്റൽ മഴയെയും അവഗണിച്ചായിരുന്നു പുലികളുടെ ചുവടുവയ്പ്.
തിരക്ക് നിയന്ത്രിക്കാൻ പൊലീസ് തീർത്ത വടം കെട്ടിയുള്ള വലയം തകർത്ത് ജനങ്ങൾ തള്ളിക്കയറി. ഔപചാരിക പരിപാടികൾ ഇല്ലാതിരുന്നെങ്കിലും മേയർ എം.കെ. വർഗീസ്, പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ, ജോൺ ഡാനിയേൽ, എൻ. പ്രസാദ്, വർഗീസ് കണ്ടംകുളത്തി, കെ. രാമനാഥൻ, ശ്യാമള എന്നിവർ നേതൃത്വം നൽകി. മുൻ മേയർ അജിത വിജയൻ വിയ്യൂർ സംഘത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ച് പുലിക്കളിയാഘോഷത്തിന് തുടക്കമിട്ടു.
രണ്ട് വർഷം ഇടവേളയിട്ടതിനാൽ ജനക്കൂട്ടമെത്തുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, തൃശൂർ എ.സി.പി: കെ.കെ. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.