 
കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 14ൽ വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ നിർമിച്ച 10 സ്‌നേഹവീടുകൾ കൈമാറി. പെരിഞ്ഞനം ആറാട്ടുകടവിൽ നടന്ന ചടങ്ങിൽ സ്‌നേഹവീടുകളുടെ താക്കോൽദാനത്തിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി.
ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ പ്രതിനിധികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അഹമ്മദ്, സി.പി.എം ഏരിയ സെക്രട്ടറിമാരായ കെ.കെ. അബീദലി, എം.എ. ഹാരിസ്ബാബു, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ്, ജനറൽ കൺവീനർ ആർ.കെ. ബേബി, കെ.വി. രാജേഷ്, വിനീത മോഹൻദാസ്, പി.എ. സുധീർ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ സഹകരണത്തോടെ ആസ്റ്റർ ഡി.എം ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചത്. ഇതിനായി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 40ലക്ഷം രൂപ നൽകി. 30 ലക്ഷം രൂപ ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും സ്വരൂപിക്കുകയായിരുന്നു. പെരിഞ്ഞനം പഞ്ചായത്തിൽ ആറും കയ്പമംഗലത്ത് നാലും വീടുകളാണ് പദ്ധതി പ്രകാരം പൂർത്തീകരിച്ച് കൈമാറിയത്.