body
മരണാനന്തര ശരീരദാനത്തിനുള്ള എട്ടു പേരുടെ സമ്മതപത്രം തൃശൂർ മേഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. സതീദേവിക്ക് ശ്രീദേവിയുടെ സഹോദരി വിദ്യ കെെമാറുന്നു. വധൂവരൻമാരായ ശ്രീദേവിയും ദീപക്കും സമീപം

* ഒപ്പിട്ടത് ബന്ധുക്കളടക്കം 8 പേർ

തൃശൂർ: മരണാനന്തരം എന്റെ അവയവങ്ങൾ ദാനം ചെയ്യണം. ശരീരം തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകണം. വിവാഹത്തിന് സമ്മതം മൂളിയ കൂട്ടത്തിൽ ശ്രീദേവി വരൻ ദീപക്കിനോട് പറഞ്ഞു. ശരീരദാനത്തിന് താനും തയ്യാറെന്ന് ദീപക്ക്.

ഒറ്റപ്പാലം മയിലുംപുറം വലിയവീട്ടിൽ ശ്രീദേവിയെ തൃശൂർ കൊടകര വെമ്മനാട്ട് വീട്ടിൽ ദീപക് മോഹൻ ഞായറാഴ്ച താലി ചാർത്തിയപ്പോൾ അവയവദാന സമ്മതപത്രവുമായി തൃശൂർ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ.സതീദേവിയും വിവാഹപ്പന്തലിലുണ്ടായിരുന്നു.

ശ്രീദേവിയുടെ സഹോദരി വിദ്യ, മാതാപിതാക്കളായ വസന്തകുമാരി,ദേവദാസ്, ഒരു ബന്ധുവും മൂന്ന് സഹൃത്തുക്കളുമടക്കം എട്ട് പേരുടെ മരണാനന്തര ശരീര, അവയവദാനത്തിന് കതിർമണ്ഡപം വേദിയായി. ഒറ്റപ്പാലം വരോട് എം.ഐ.എം ഹാളിലായിരുന്നു വിവാഹം. ഒറ്റപ്പാലം എം.എൽ.എ പ്രേംകുമാർ അവയവദാനത്തിന്റെ ഡോണർ കാർഡ് നൽകി. ദീപക്ക് അടുത്ത ദിവസം ഒപ്പിട്ടു നൽകും.

ശ്രീദേവിയുടെ മാതൃസഹോദരി മാധവിക്കുട്ടി, ഒറ്റപ്പാലം ചുനങ്ങാട് കരുവാതുരുത്തി ശ്യാംജിത്ത് ആർ.കിരൺ, ചെറിയംപുറം വീട്ടിൽ ഷാജിത, അനങ്ങനടി നെല്ലിൻകുന്നത്ത് തനൂജ എന്നിവരാണ് സമ്മതപത്രം നൽകിയ മറ്റുള്ളവർ.

മകളുടെ വലിയ തീരുമാനത്തിൽ ഒരു മടിയും കൂടാതെയാണ് മാതാപിതാക്കളും സഹോദരിയും പങ്കുചേർന്നത്. കാര്യമറിഞ്ഞപ്പോൾ ഇളയമ്മയ്ക്കും സുഹൃത്തുക്കൾക്കും സമ്മതം. കൊരട്ടി ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എൻജിനിയറാണ് ശ്രീദേവി. ദീപക്ക് ബംഗളൂരു ബൈജൂസ് കമ്പനിയിൽ മാനേജരും. ശ്രീദേവി ഡി.വൈ.എഫ്.ഐ അംഗമാണ്.

അരപ്പവൻ മോതിരം മാത്രം

അര പവന്റെ വിവാഹ മോതിരം മാത്രമാണ് ശ്രീദേവി അണിഞ്ഞിരുന്നത്. എന്നാൽ ദീപക്കിന്റെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവർ നൽകിയ ആഭരണങ്ങൾ അണിയുകയായിരുന്നു. ചരടിലാണ് താലി കോർത്തിട്ടത്.

ശരീരദാനത്തോട് ദീപക്കും യോജിച്ചതിൽ വലിയ സന്തോഷമുണ്ട്

ശ്രീദേവി.