malinyam

തൃശൂർ : കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപറേഷന്റെ കീഴിൽ കൂർക്കഞ്ചേരിയിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി കേസ് തീർപ്പാക്കി. കൂർക്കഞ്ചേരി വില്ലേജിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനായി വാങ്ങിയ സർവേ നമ്പർ 289/ പിയിലുള്ള ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് ആരോപിച്ച് പുന്നയൂർക്കുളം സ്വദേശി ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. മാലിന്യ സംസ്‌കരണ പദ്ധതിയുടെ അനുമതി 2018 ഫെബ്രുവരി 8 ന് അംഗീകാരം നൽകിയതാണെന്ന് നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. 2018 ജനുവരി 1 ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി പദ്ധതിക്ക് ഭരണാനുമതി നൽകി. കളക്ടർ അംഗീകരിച്ച് നൽകിയ ന്യായവില സർക്കാർ അംഗീകരിച്ചു. നിയമപ്രകാരമാണ് സ്ഥലം വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് സർക്കാർ അനുമതി ലഭിച്ചതായും വർഷങ്ങളായി ഉപയോഗശൂന്യമായി മലിനജലം കെട്ടി കിടന്ന ഭൂമിയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.