 
ചൂലൂർ: സുബൈദാർ മേജറായിരുന്ന അച്ഛാച്ഛന് വിവാഹദിനത്തിൽ പ്രണാമമർപ്പിക്കാൻ കൊച്ചുമകൻ കണ്ടെത്തിയത് വ്യത്യസ്തമായ സേവന മാതൃക. എൻ.സി.സി കേഡറ്റുകളിൽ നിർദ്ധനരായ പത്തുപേർക്ക് സൈക്കിൾ വാങ്ങിക്കൊടുത്താണ് പരേതനായ അരയംപറമ്പിൽ ഗോപാലന്റെ കൊച്ചുമകൻ ആര്യക് വിഷ്ണു വിവാഹദിനം മംഗളമാക്കിയത്. വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി സ്‌കൂൾ എന്നിവിടങ്ങളിലെ കേഡറ്റുകൾക്കാണ് സൈക്കിൾ നൽകിയത്. വീട്ടുമുറ്റത്തെ വിവാഹപ്പന്തലിൽ വച്ച് ആര്യക് വിഷ്ണുവും വധു ഡോ. അനീഷ്യയും ചേർന്ന് സൈക്കിൾ സമ്മാനിച്ചു. എൻ.സി.സി. ഓഫീസർമാരായ പ്രശാന്ത് മേനോത്ത്, ബേബി എന്നിവർ സംബന്ധിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി കാഡറ്റുകളും അദ്ധ്യാപകരും ചേർന്ന് രണ്ടു കിലോമീറ്റർ സൈക്കിൾ റാലിയും നടത്തി. ചൂലൂർ ഗോപാലനിലയത്തിൽ അരയംപറമ്പിൽ പ്രദീപിന്റെയും ബിന്ദു പ്രദീപിന്റെയും മകനാണ് ആര്യക് വിഷ്ണു. നോർത്ത് പറവൂർ മാളവികയിൽ കളരിക്കൽ ദിലീപിന്റെയും സുമ ദിലീപിന്റെയും മകളാണ് ഡോ. അനീഷ്യ. ചടങ്ങിൽ സുനിൽകുമാർ അരയംപറമ്പിൽ, അഡ്വ. സന്തോഷ് കുമാർ, ജിജിൻ മച്ചിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.
സമൂഹത്തെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കുന്നതും വിദ്യാർത്ഥികളെ വലിയതോതിൽ ബാധിക്കുന്നതുമായ ലഹരി സംഘങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയും അച്ചടക്കവുമുള്ള കേഡറ്റുകൾക്കാവും. ഇതിനുള്ള പ്രചോദനമായാണ് സൈക്കിൾ നൽകിയത്.
-ആര്യക് വിഷ്ണു.