re-taring
ദേശീയപാതയിൽ കുഞ്ഞനംപാറ മുതൽ നടത്തറ ഭാഗത്ത് മേൽഭാഗം ചുരണ്ടി മാറ്റാതെ കരാക്കമ്പനി നടത്തുന്ന റീ ടാറിംഗ്.

പുതുക്കാട്: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് ഹൈക്കോടതി ഇടപെടലുണ്ടായിട്ടും റീ ടാറിംഗ് പ്രവൃത്തിയിൽ കരാർക്കമ്പനി ക്രമക്കേട് നടത്തുന്നതായി ആക്ഷേപം. ദേശീയപാതയിൽ അഞ്ച് വർഷത്തിലൊരിക്കലുള്ള റീ ടാറിംഗ് ഇനിയും പൂർത്തിയാകാത്ത കുഞ്ഞനംപാറ മുതൽ നടത്തറ ഭാഗത്തേയ്ക്ക് കമ്പനി നടത്തുന്ന റീ ടാറിംഗിൽ കരാർ ലഘനം നടത്തുന്നതായാണ് ആക്ഷേപം. കരാർപ്രകാരം 40 എം.എം. കനത്തിൽ മേൽഭാഗം ചുരണ്ടി മാറ്റിയശേഷം മാത്രമാണ് റീ ടാറിംഗ് നടത്തേണ്ടത്. പാത നിർമ്മാണം പൂർത്തീകരിച്ച സമയത്തെ റോഡിന്റെ ലെവൽ നിലനിറുത്തണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇതിന് വിപരീതമായാണ് റീ ടാർ ചെയ്യുന്നത്. മേൽഭാഗം ചുരണ്ടി മാറ്റാത്തതുകൊണ്ട് റോഡിന്റെ ലെവൽ നിലവിലുള്ളതിനേക്കാൾ കൂടുതലായി. ഇതുമൂലം മീഡിയന്റെ ഉയരം കുറയുകയും റോഡും നടപ്പാതയുമായുമുള്ള ഉയരം വർദ്ധിക്കുകയും ചെയ്യുന്നു. കരാർക്കമ്പനിയുടെ നിരുത്തരവാദപരമായ ഈ റീ ടാറിംഗ് നടപടി കൂടുതൽ അപകടങ്ങൾക്കും വഴിവയ്ക്കും.

ഹൈക്കോടതി ഇടപെടലുണ്ടായിട്ടും ക്രമക്കേടുകൾ തുടരുന്ന കരാർക്കമ്പനിയുടെ നടപടി നീതികരിക്കാനാകില്ല. അധികൃതർ ഇടപെട്ട് കൃത്യമായ രീതിയിൽ റീ ടാറിംഗ് ചെയ്യിക്കണം. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടണം.
-അഡ്വ. ജോസഫ് ടാജറ്റ്
(ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്)