
ഒല്ലൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ സെൻട്രൽ സോൺ കലോത്സവത്തിന് ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ തുടക്കമായി. 12,13,14,15 തിയതികളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നും 67 കോളേജുകളിലെ 3000 കലാപ്രതിഭകൾ പങ്കെടുക്കും. ആരോഗ്യ സർവകലാശാല യൂണിയൻ സ്റ്റുഡന്റ് ഡീൻ ഡോ.ഇക്ബാൽ വി.എം ഉദ്ഘാടനം നിർവഹിച്ചു. സർവ്വകലാശാല ചെയർപേഴ്സൺ ആർഷ അന്ന പത്രോസ് അദ്ധ്യക്ഷയായി. വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.ലത, കോളേജ് ചെയർമാൻ നിതുൽ പി.എസ്, സംഘാടക സമിതി കൺവീനർ ഹസൻ മുബാറക്, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് സുഹൈൽ, ജിഷ്ണു സത്യൻ എന്നിവർ സംസാരിച്ചു. ആദ്യദിനം സ്റ്റേജിതര മത്സരങ്ങളായ ചിത്രരചന, രചനാ മത്സരങ്ങൾ, സ്റ്റേജ് മത്സരങ്ങളായ സംഗീത മത്സരങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്.
ഭാരത് ജോഡോ പദയാത്ര പ്രചരണം 14 ന്
തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രചരണവും, ലഘുലേഖ വിതരണവും, ഫണ്ട് ശേഖരണവും, ജില്ലയിലെ 2321 ബൂത്തുകളിൽ 14 ന് നടക്കും. നേതാക്കൾ സ്വന്തം ബൂത്തിൽ ഭാരത് ജോഡോ പദയാത്രയുടെ പ്രചരണത്തിന് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ച 11 ന് ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ബൂത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പതാക ഉയർത്തി. ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു.
എൻട്രൻസ് കോച്ചിംഗിന് അപേക്ഷിക്കാം
തൃശൂർ: കഴിഞ്ഞ മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കീം എൻട്രൻസ് കോച്ചിംഗിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനച്ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്മസ് അവധിക്കാലത്ത് രക്ഷിതാവിനെ കൂട്ടി വീട്ടിൽ പോയിവരാനുള്ള ചെലവും സർക്കാർ വഹിക്കും.
താത്പര്യമുള്ളവർ പേര്, വിലാസം, ഫോൺനമ്പർ തുടങ്ങിയവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി പരിശീലനത്തിൽ പങ്കെടുക്കാനുള്ള കുട്ടിയുടേയും രക്ഷിതാവിന്റെയും സമ്മതപത്രം, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 2022ലെ കീം എൻട്രൻസ് എഴുതിയവരാണെങ്കിൽ ലഭിച്ച സ്കോർ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തിയതി 15. അപേക്ഷിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി.ഒ, പിൻ 680307. ഫോൺ 048027061.
ഊട്ടുതിരുനാൾ 15ന്
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ ഊട്ടുതിരുനാൾ 15ന് ആഘോഷിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ ഊട്ടുസദ്യ നടക്കും. 6 കിലോമീറ്റർ ചുറ്റളവിലുള്ള അനാഥ മന്ദിരങ്ങളിലേക്കും ഭക്ഷണമെത്തിക്കും. 9.15നു നടക്കുന്ന തിരുകർമങ്ങൾക്ക് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ജനറൽ കൺവീനർ തോമാച്ചൻ തോപ്പിൽ, പബ്ലിസിറ്റി കൺവീനർ ടി.എൽ.ഫ്രാൻസിസ് എന്നിവർ പറഞ്ഞു.