puli
നടുവിലാലിലെ വി.ഐ.പി പവലിയനിൽ വീൽച്ചെയറിലിരുന്ന് പുലിക്കളി വീക്ഷിക്കുന്ന ഭിന്നശേഷിക്കാർ.

തൃശൂർ: ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാർക്ക് പ്രതീക്ഷയേകുന്നതായിരുന്നു കഴിഞ്ഞ ദിവസം തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിൽ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാർക്ക് ഇന്നലെ നടന്ന പുലിക്കളി തടസമില്ലാതെ ആസ്വദിക്കാൻ അവസരമൊരുക്കി. ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിനു കീഴിലുളള സിവിൽ ഡിഫൻസ് അംഗങ്ങൾ തൃശൂർ റൗണ്ടിനടുത്ത് മണികണ്ഠനാലിന് സമീപം വീൽച്ചെയറിലും മുച്ചക്ര സ്‌കൂട്ടറിലുമായി പവലിയൻ സൗകര്യമൊരുക്കിയെങ്കിലും തടച്ചുകൂടിയ ജനക്കൂട്ടം കാഴ്ച മറച്ചതോടെ ജില്ലാ ഫയർ ഓഫീസർ നേരിട്ടെത്തി സുഗമമായ കാഴ്ചയ്ക്കായി പുലിക്കളിയുടെ ഓദ്യോഗിക വേദിയായ വി.ഐ.പി പവലിയനിലേക്ക് അവരെ മാറ്റാൻ നിർദ്ദേശം നൽകുകയായിരുന്നു. സേവനസന്നദ്ധരായ സിവിൽ ഡിഫൻസ് അംഗങ്ങൾ തിങ്ങിനിറഞ്ഞ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ വീൽച്ചെയറിലും കസേരകളിലുമായി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ പവലിയനിന്റെ രണ്ടംനിലയിൽ സുരക്ഷിതരായി അവരെ എത്തിച്ചതോടെ നിശ്ചലദൃശ്യങ്ങളും പുലികളും വാദ്യഘോഷങ്ങളുമെല്ലാം നിറഞ്ഞ കാഴ്ചയായി. പവലിയനിലെ വിദേശ ടൂറിസ്റ്റുകളും അവരുടെ സന്തോഷത്തിനൊപ്പം ചേർന്നു.
പുലിക്കളി അവസാനിക്കുംവരെ അവർക്കൊപ്പം നിന്ന് ജില്ലാ ഫയർ ഓഫീസറും അവർക്ക് ആവശ്യമായ പരിചരണങ്ങൾ നൽകി സിവിൽ ഡിഫൻസ് അംഗങ്ങളും സഹായങ്ങളുമായി പുലിക്കളി കോ-ഓർഡിനേഷൻ കമ്മിറ്റിയും ജില്ലാ പൊലീസ് അധികാരികളുമെല്ലാം രംഗത്തുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് താജുദ്ദീൻ നാട്ടിക, ജോയിന്റ് സെക്രട്ടറി ക്രിഷ് വിജയ് തുടങ്ങി പത്തിലധികം വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ അംഗങ്ങളാണ് പുലിക്കളി കണ്ടത്.

തൃശൂർ പൂരം കുടമാറ്റവും വെടിക്കെട്ടുമൊക്കെ കാണാൻ അവസരം ലഭിച്ചതോടെ എല്ലാ ഉത്സവങ്ങളും ആസ്വദിക്കാനുളള അവകാശങ്ങൾ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ട്.
-കവിത പി. കേശവൻ
(ജില്ലാസെക്രട്ടറി, ഓൾ കേരളാ വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ)