തൃശൂർ: കോലഴിയുടെ കലാ സാംസ്‌കാരിക സാഹിത്യ ശാസ്ത്ര മേഖലയിലെ തിളങ്ങുന്ന ഏടായി നിറഞ്ഞു നിൽക്കുന്ന യുവജന സമാജത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഓണാഘോഷത്തോടെ സമാപനമായി. അരനൂറ്റാണ്ട് മുമ്പ് മദ്യം ഒരു വിഷം എന്ന നാടകത്തിലുടെ ഉദയം കൊണ്ട വോയ്‌സ് ഓഫ് കോലഴിയാണ് 1972 മുതൽ യുവജന സമാജം കലാസമിതിയായി മാറിയത്. നാടകാവതരണത്തിന് പ്രധാന്യം നൽകിയ സമിതി സുവർണ ജൂബിലി പിന്നിടുമ്പോൾ ഇതിനൊടകം ചെറുതും വലുമായ ഇരുന്നൂറിലേറെ നാടകങ്ങളാണ് അരങ്ങിൽ എത്തിച്ചത്. യുവജന കലാസമിതിയുടെ വാർഷികാഘോഷ വേളകൾ കലാകാരൻമാർക്ക് സ്വതന്ത്രമായി കലാരൂപം അവതരിപ്പിക്കാനുള്ള വിശാലമായ വേദി കൂടിയാണ്. യുവജന സമാജത്തിന്റെ കലോത്സവ വേദി അറിയപ്പെടുന്നത് ശിവഗിരി എന്ന പേരിലാണ്. സമാജത്തിന്റെ പഴയകാല കൂട്ടുകാരായ ശിവനും ഗിരിയും കൊട്ടാരം മൂകാംബിക ക്ഷേത്രത്തിന് മുന്നിൽ വച്ച് കാറപകടത്തിൽ മരിച്ചിരുന്നു. ഇവരുടെ ഓർമ്മയ്ക്കായാണ് ശിവഗിരി നഗർ എന്ന പേർ നൽകിയിരിക്കുന്നത്. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം സമാപനമായി. നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികൾ, യുവജന കലാസമിതി അംഗങ്ങൾ അവതരിപ്പിച്ച നാടകം എന്നിവയും ഉണ്ടായി.