ആളൂർ: ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിൽ ഇന്നലെ പുലർച്ചെ 3.10ന് ഉണ്ടായ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. തിരുത്തിപ്പറമ്പിലെ സെബി പുളിക്കലിന്റെ വീടിന് മുകളിൽ പുളിമരം വീണ് ഓട്, ഭിത്തി എന്നിവ തകർന്നു. ഇതേത്തുടർന്ന് സെബി വാടക വീട്ടിലേക്ക് താമസം മാറ്റി.

ഉണ്ണി കൊല്ലംപറമ്പിൽ, ദീലീപ് രാജൻ എടപറമ്പിൽ, ഉഷ കൃഷ്ണൻകുട്ടി പെരുംപടത്തിൽ, ചന്ദ്രൻ കടുകപറമ്പിൽ, ഭരതൻ പേടിക്കാട്ട് പറമ്പിൽ എന്നിവരുടെ വീടുകൾക്ക് മുകളിലും വൃക്ഷങ്ങൾ വീണ് തകർന്നിട്ടുണ്ട്.

നൂറുകണക്കിന് വാഴകളും ജാതിയടക്കം മറ്റു മരങ്ങളും കടപുഴകി വീണു. പുലർച്ച മൂന്നരയോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ ഏറെ നാശഷ്ടങ്ങളാണ് ഉണ്ടായത്. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പഞ്ചായത്ത് മെമ്പർ പ്രഭ കൃഷ്ണനുണ്ണി, ചാലക്കുടി തഹസിൽദാർ, ആളൂർ വില്ലേജ് ഓഫീസർ തുടങ്ങിയവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

ദുരിതബാധിതർക്ക് സാമ്പത്തിക സഹായം ഉടൻ ലഭിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

- കെ.ആർ. ജോജോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്