കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കിലെ പുറത്താക്കിയ എട്ട് സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളെ നേതൃത്വം തിരിച്ചെടുത്തു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലായിരുന്നു പുറത്താക്കിയത്. എന്നാൽ ഈ തൊഴിലാളികൾ എ.ഐ.ടി.യു.സിയിൽ ചേർന്നതാണ് പുറത്താക്കാൻ കാരണമായത്. എ.ഐ.ടി.യു.സിയിൽ ചേർന്ന ഇവരെ വെള്ളിയാഴ്ച പുറത്താക്കുകയും അടുത്ത തിങ്കളാഴ്ച തിരിച്ചെടുക്കുകയുമായിരുന്നു.
എ.ഐ.ടി.യു.സിയിൽ ചേർന്ന തൊഴിലാളികൾ മാതൃസംഘടനയിലേക്ക് തിരിച്ചു പോകാൻ തയ്യാറായതോടെ സി.ഐ.ടി.യു തിരിച്ചെടുത്തു. കോട്ടപ്പുറം മാർക്കറ്റിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ സി.ഐ.ടി.യു ആണെന്നും മറ്റു സംഘടനകൾക്ക് വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമേ ഉള്ളൂവെന്നും നേതൃത്വം വ്യക്തമാക്കി.
സി.പി.ഐ നേതൃത്വം ഇടപെട്ട് പ്രലോഭനങ്ങൾ നൽകി സി.ഐ.ടി.യു യൂണിയന്റെ എട്ട് അംഗങ്ങളെ എ.ഐ.ടി.യു.സി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇത് ഇടതുപക്ഷ നയങ്ങളെ ദുർബലപ്പെടുത്തുമെന്നും രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ലെന്നും സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ.എസ്. കൈസാബ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.ജെ. ജോസി അദ്ധ്യക്ഷനായി. ജോജോ, റസാക്ക് എന്നിവർ സംസാരിച്ചു.