ചേർപ്പ്: മേഖലയിൽ വ്യാപകമാകുന്ന വഴിയോര കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരത്തിലേക്ക്. ഇന്ന് വൈകിട്ട് 5ന് തായംകുളങ്ങര മുതൽ പെരുമ്പിള്ളിശ്ശേരി വരെ വിളംബര ജാഥയും പൊതുയോഗവും നടത്തും. ജില്ലാ നേതാക്കളുൾപ്പെടെയുള്ളവർ പങ്കെടുക്കും. 16ന് രാവിലെ 9.30 മുതൽ 6.30 വരെ എല്ലാ വ്യാപാരികളും വഴിയോരങ്ങളിലേക്ക് സാധന സാമഗ്രികൾ ഇറക്കിവച്ച് കച്ചവടം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ.കെ. ഭാഗ്യനാഥൻ, ജോൺസൺ ചിറമ്മൽ, കെ.വി. ജോസ്, കെ.പി. വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വഴിയോര കച്ചവടങ്ങൾക്കെതിരെ കഴിഞ്ഞ മാസം പഞ്ചായത്തിന് മുമ്പിൽ വ്യാപാരികൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. 29 മുതൽ വഴിയോര കച്ചവട നിരോധനം നടപ്പിലാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. ഇതുവരെ യോഗ തീരുമാനം നടപ്പിലാക്കാൻ സാധിച്ചില്ലെന്നും വ്യാപാരികൾ ആരോപിച്ചു.