പട്ടിക്കാട്: പീച്ചി വിലങ്ങന്നൂരിൽ കെ.എഫ്.ആർ.ഐ വളപ്പിലെ വലിയ മരം കടപുഴകി പീച്ചി ഡാമിലേക്കുള്ള വഴിയിലേക്ക് മറിഞ്ഞു. കെ.എഫ്.ആർ.ഐ വിത്ത് വിതരണ കേന്ദ്രത്തിന്റെ മുന്നിലായിരുന്നു മരം വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഫയർഫോഴ്‌സും പീച്ചി പൊലീസും നാട്ടുകാരുടെ സഹകരണത്തോടെ തടസം മുറിച്ച് നീക്കി വാഹന ഗതാഗതത്തിന് സൗകര്യമൊരുക്കി. വീണ മരം പോലെ തന്നെ ഏത് നിമിഷവും വീഴാവുന്ന നിരവധി മരങ്ങൾ കെ.എഫ്.ആർ.ഐ. വളപ്പിലും സമീപ പ്രദേശങ്ങളിലുമുണ്ടെന്നും ഇത് സംബന്ധിച്ച് അധികൃതർക്ക് നൽകിയ പരാതിയിൽ നടപടിയെന്നുമുണ്ടായിട്ടില്ലെന്നും പഞ്ചായത്തംഗം ഷൈജു കുര്യൻ പറഞ്ഞു. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു.