പാവറട്ടി: ഹസ്സൻ കറംകൊള്ളി മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും ജലീൽ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും ചേമ്പിൽ ചന്ദ്രൻ മെമ്മോറിയൽ കാഷ് പ്രൈസിനും വേണ്ടിയുള്ള ഒന്നാമത് ഇടിയഞ്ചിറ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇടിയഞ്ചിറ കനാലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടിയഞ്ചിറ സൗഹൃദ കൂട്ടായ്മയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഇടിയഞ്ചിറ സെന്ററിൽ നിന്ന് ഒരു മണിക്ക് ആരംഭിക്കുന്ന സൗഹൃദ ഘോഷയാത്രയിൽ ശിങ്കാരിമേളം, ഓണക്കളി, അറബനമുട്ട്, ഒപ്പന, വാദ്യമേളം എന്നിവയോടൊപ്പം കുതിരകളും അണിനിരക്കും. ഘോഷയാത്ര കനാൽ പരിസരത്ത് സമാപിക്കും. തുടർന്ന് 9 സി ഗ്രേഡ് മത്സര വള്ളങ്ങൾ അണിനിരക്കുന്ന ജലോത്സവത്തിന് തുടക്കം കുറിക്കും. ഫോക്‌ലോർ അവാർഡ് ജേതാവ്, യുവ എഴുത്തുകാരി, വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർ എന്നിവരെ ആദരിക്കും. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ജനപ്രതിനിധികളും സാസ്‌കാരിക സിനിമാരംഗത്തെ പ്രമുഖരും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ കെ.എ. സതീഷ്, കൺവീനർ കെ.വി. സനീഷ്, രക്ഷാധികരി ആർ.പി. റഷീദ് മാസ്റ്റർ, കെ.എ. ബാലകൃഷ്ണൻ, എ.പി. അർജുനൻ എന്നിവർ പങ്കെടുത്തു.