നിർമ്മാണം പാതിവഴിയിൽ നിലച്ച വീടിന് മുന്നിൽ കുമാരി.
വടക്കാഞ്ചേരി: വീട് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ പാതിവഴിയിൽ കൈയ്യൊഴിഞ്ഞതോടെ കയറിക്കിടക്കാൻ കിടപ്പാടമില്ലാതെ ദുരിതം താണ്ടുകയാണ് പട്ടികജാതി വിഭാഗക്കാരിയായ കൊടക്കാടത്ത് വീട്ടിൽ കുമാരി (70). വടക്കാഞ്ചേരി നഗരസഭയിലെ 12-ാം ഡിവിഷനിൽ കുമരനെല്ലൂർ വില്ലേജിൽ താമസിക്കുന്ന അവർക്ക് 2021 ലാണ് പി.എം.എ.വൈ പദ്ധതി പ്രകാരമാണ് വീട് വയ്ക്കാനായി ആദ്യഘട്ടിൽ നാലു ലക്ഷം രൂപ അനുവദിച്ചത്. ഈ തുക കൊണ്ട് വീട് നിർമ്മാണം ആരംഭിച്ചെങ്കിലും പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരൻ പാതിവഴിയിൽ നിർമ്മാണം നിറുത്തുകയായിരുന്നു. മറ്റൊരു കാരാറുകാരനെ നിർമ്മാണ പ്രവൃത്തികൾ ഏൽപ്പിച്ചെങ്കിലും എങ്ങുമെത്തിയില്ല. മാത്രമല്ലാ നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന കരിങ്കല്ലടക്കം കയറ്റിക്കൊണ്ടുപോയ കരാറുകാരൻ പണി നിറുത്തി വച്ച് സ്ഥലം വിടുകയും ചെയ്തു. വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയതോടെ കാരാറുകാരനെ വിളിച്ചു വരുത്തിയ പൊലീസ് വീട് നിർമ്മിച്ചു നൽകാമെന്ന ധാരണയിൽ പരാതി തീർപ്പാക്കുകയായിരുന്നു. എന്നാൽ കരാറുകാരൻ ഇതുവരെയും നിർമ്മാണം പുനരാരംഭിച്ചിട്ടില്ല. കുമാരി വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും ജനമൈത്രിയില്ലാതെ അവരും കൈയ്യൊഴിഞ്ഞു. വീടിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി നാൽപ്പതിനായിരം രൂപ കൂടി നഗരസഭയിൽ നിന്നും കിട്ടാനുണ്ട്. എഴുതാനും വായിക്കാനുമറിയാത്ത അവർ പണം നൽകുമ്പോൾ കരാറുകാരനിൽ നിന്ന് രേഖകളൊന്നും എഴുതി വാങ്ങിയതുമില്ല. സർക്കാരിൽ നിന്നു ലഭിക്കുന്ന വാർദ്ധക്യ പെൻഷൻ മാത്രമാണ് കുമാരിയുടെ ഉപജീവനോപാദി. ആകെയുള്ള മകൻ വർഷങ്ങൾക്ക് മുമ്പേ ഇവരെ ഉപേക്ഷിച്ച് പോവുകയും ചെയ്തു.
മറ്റ് പണികൾ ഒന്നും ചെയ്തു തന്നില്ലെങ്കിലും അടുക്കളയും ശൗചാലയവും കുളിമുറിയും പൂർത്തീകരിച്ചാൽ വീട്ടിൽ കയറി കിടക്കാനാകും. അതിനെങ്കിലും കനിവുണ്ടാകണം.
-കുമാരി.