dr-thomas-isku

മുൻമന്ത്രി ഡോ. തോമസ് ഐസക്ക് പറപ്പൂക്കര പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.

നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് പരിധിയിൽ ഇനി തരിശിടങ്ങൾ ഉണ്ടാകില്ല. സാദ്ധ്യമായ മുഴുവൻ സ്ഥലത്തും ഇടവിള കൃഷി ആരംഭിക്കും. കൃഷിക്കായി ഭൂമി വിട്ടു കൊടുക്കുന്നവർക്ക് കൂലിച്ചെലവ് കഴിച്ചുള്ള മുഴുവൻ ലാഭവും ലഭ്യമാകും. ഇതിനായി പഞ്ചായത്തും സഹകരണ ബാങ്കുകളും പണം മുടക്കും. നാടിന്റെ പഴയകാല കാർഷിക സംസ്‌കാരം വീണ്ടെടുക്കാനുള്ള ഈ ആശയം മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെതാണ്. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തിരുവനന്തപുരത്തെത്തി നേരിട്ട് നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ഡോ. ഐസക്ക് പഞ്ചായത്തിൽ നേരിട്ടെത്തി അംഗങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിവരുന്ന കുറന്തോട്ടി കൃഷിയിടങ്ങൾ ഡോ. തോമസ് ഐസക് സന്ദർശിച്ചു. പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന ജനകിയ ഹോട്ടൽ കൂടുതൽ ജനകീയമാക്കുന്നതിനുള്ള ഏതാനും നിർദേശങ്ങളും നൽകിയാണ് അദേഹം മടങ്ങിയത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രതിനിധി എന്നിവരും ഡോ. തോമസ് ഐസക്കുമായുള്ള ചർച്ചയ്ക്ക് എത്തിയിരുന്നു.