ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റിനും സാധാരണ യാത്രാ ടിക്കറ്റ് ലഭിക്കുവാനും കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. യാത്രക്കാർക്ക് ടിക്കറ്റിനായി വലിയ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റിനുള്ള രണ്ടാമത്തെ കൗണ്ടറും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
രാവിലെ ഇരു ഭാഗത്തേക്കും വലിയ തിരക്കാണ് സ്റ്റേഷനിൽ അനുഭവപ്പെടുന്നത്. ക്യൂ പലപ്പോഴും ടിക്കറ്റ് കൗണ്ടർ സ്ഥിതിചെയ്യുന്നിടത്ത് നിന്നും കെട്ടിടത്തിന് പുറത്തേക്ക് നീളാറുണ്ട്. ഇവിടെയാണെങ്കിൽ പക്ഷികളുടെ ശല്യവും രൂക്ഷമാണ്. റിസർവേഷൻ ടിക്കറ്റുകൾ ഇപ്പോഴും ഏജന്റുമാരുടെ നിയന്ത്രണത്തിലാണെന്നുള്ള പരാതിയും നേരത്തെ യാത്രക്കാർ ഉന്നയിച്ചിരുന്നു. ഇതിനും ഇതുവരെ പരിഹാരമായിട്ടില്ല. തിരക്ക് കുറയ്ക്കാൻ രാവിലെ രണ്ട് കൗണ്ടറുകൾ പ്രവർത്തിക്കണമെന്ന ആവശ്യം ഉടൻ നടപ്പാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജു ജോസഫ്, ഭാരവാഹികളായ ബിജു പനംകൂടൻ, പി.സി. സുഭാഷ്, ജോഷ്വാ ജോസ് എന്നിവർ സംസാരിച്ചു.