ചാലക്കുടി: ദേശീയപാതയിൽ പേരാമ്പ്രയിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രികരായ രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് ഇടിച്ച നായ പിന്നീട് പരിസരത്ത് കിടന്ന് ചത്തു. തേശ്ശേരി സ്വദേശികളായ അലോഷ്യസ്(18), എബിൻ(22) എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച ഇവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ഇരുവരും പുല്ലൂറ്റ് ഐ.ടി.ഐ വിദ്യാർത്ഥികളാണ്. വേഗത കുറച്ച് ബൈക്ക് ഓടിച്ചിരുന്നതിനാലാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ പരിക്കേൽക്കാതിരുന്നത്. നായയുടെ ജഡം പിന്നീട് ചാലക്കുടി നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി കുഴിച്ചുമൂടി. ഐ.ടി.ഐയിലേയ്ക്ക് പോയതാണ് ഇരുവരും. ഇവിടെ രാവും പകലും ഭേദമില്ലാതെ നിരവധി തെരുവ് നായകളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.