തൃപ്രയാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നാട്ടിക ശ്രീനാരായണ ഗുരുമന്ദിരാങ്കണത്തിലെ ഗുരുപ്രതിമ മാറ്റി പ്രതിഷ്ഠിക്കുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ 17, 18 തീയതികളിലായി നടക്കും. 17ന് രാവിലെ 8 മുതൽ അനുജ്ഞാ പൂജ, ജീവോദ്യാസനം, ബിംബശുദ്ധി ക്രിയകൾ, കലശപൂജ, കലശാധിവാസം, പ്രസാദ ശുദ്ധി, വാസ്തുബലി എന്നിവ നടക്കും. 18ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, വിടുത്തിപൂജ, 11നും 11.30നും മദ്ധ്യേ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ, തുടർന്ന് കലാഭിഷേകം, മംഗളപൂജ, സമൂഹ പ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവ നടക്കും.
കാരുമാത്ര ടി.എസ്. വിജയൻ തന്ത്രികൾ കാർമികനാവും. ക്ഷേത്രം സ്ഥപതി സതീശൻ ആചാരിയുടെയും ശിൽപ്പി ഷിജിൽ അന്തിക്കാടിന്റെയും നേതൃത്വത്തിൽ എൻ.ടി.എസ്.പി യോഗമാണ് ഗുരുമണ്ഡപം പണികഴിപ്പിച്ചത്. തൃപ്രയാറിലെയും നാട്ടികയിലെയും സിലോൺ മലയാളികളുടെ കൂട്ടായ്മയാണ് നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗം. ചടങ്ങിനോടനുബന്ധിച്ച് ഞായറാഴ്ച 1000 ലധികം പേർക്ക് പ്രസാദ ഊട്ട് നടക്കും. 15 ലക്ഷം രൂപയാണ് മന്ദിര നിർമ്മാണത്തിനായി ചെലവഴിച്ചത്. എൻ.ടി.എസ്.പി യോഗം പ്രസിഡന്റ് പി.കെ. സുഭാഷ്ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ എം.ജി. രഘുനന്ദനൻ, ടി.കെ. ദയാനന്ദൻ, സി.കെ. സുഹാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.