raga
വിവരാവകാശ നിയമംഅനുസരിച്ച് ചോദ്യത്തിനുള്ള മറുപടിയായി അഡ്വ.ജോസഫ് ടാജറ്റിന് ലഭിച്ച രേഖ

പുതുക്കാട്: ദേശീയ പാതയിൽ 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസ നിറുത്തലാക്കില്ലന്ന ദേശീയപാത പ്രോജെക്ട് ഡയറക്ടറുടെ വെളിപ്പെടുത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ആരോപണം. 2008ലെ നാഷണൽ ഹൈവേസ് ഫീ റൂൾസ് അമെന്റ്മെന്റ് പ്രകാരം 60 കിലോ മീറ്ററിനുള്ളിൽ ഒരു ദിശയിൽ ഒന്നിൽ കൂടുതൽ ടോൾ പ്ലാസകൾ പാടില്ലായെന്നുണ്ട്.

പന്നിയങ്കര ടോൾ പ്ലാസ ണലിന് മാത്രമുള്ള പ്ലാസയല്ല മറിച്ച് ടണലിനൊപ്പം റോഡ് ഗതാഗതത്തിന്റെ ഫീയും കൂടി നൂറ് രൂപയാണ് ഈടാക്കുന്നത്. അതിനാൽ നിശ്ചിത പരിധിക്കുള്ളിൽ മറ്റൊരു ടോൾ പ്ലാസ പാടില്ലായെന്ന വ്യവസ്ഥ പാലിയേക്കരയ്ക്ക് ബാധകമാകുന്നു. രണ്ട് ടോൾ പ്ലാസകളും എൻ.എച്ച് 544ൽ ആയതിനാൽ നിബന്ധന പാലിയേക്കരയ്ക്ക് അനുകൂലമാണ്.

നിയമത്തിന്റെ പരിധിയിൽ പെടുമെന്നുള്ളതിനാലാണ് ലോക്‌സഭയിൽ എം.പി മാർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി നിറുത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചത്. ടോൾ കാലാവധി 2028ൽ മാത്രം തീരുന്നതുകൊണ്ട് കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഇക്കാര്യവും പരിഗണിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഈ വ്യവസ്ഥയെ തെറ്റായാണ് പ്രോജക്ട് ഡയറക്ടർ വ്യാഖ്യാനിക്കുന്നത്.

നിരന്തരം കരാർലംഘനം നടത്തുകയും അധികം തുക പിരിച്ചെടുക്കുകയും ചെയ്യുന്നത് നിറുത്തണമെന്ന ആവശ്യം ന്യായമാണ്. കരാറിൽ കക്ഷിയായ ദേശീയ പാത അതോറിറ്റിക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം ഉണ്ടാകാം. പക്ഷെ അത് നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതാകണം. മന്ത്രിയുടെ നിലപാടിന് വിപരീതമായി നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് കരാർ കമ്പനിക്ക് ഗുണകരമാകും.

- അഡ്വ. ജോസഫ് ടാജറ്റ്

2008ലെ നാഷണൽ ഹൈവേസ് ഫീ റൂൾസ് അമെന്റ്മെന്റ് പ്രകാരം 60 കിലോ മീറ്ററിനുള്ളിൽ ഒരു ദിശയിൽ ഒന്നിൽ കൂടുതൽ ടോൾ പ്ലാസകൾ പാടില്ല. പ്രത്യേക സാഹചര്യത്തിൽ അതോറിറ്റിയുടെ അനുമതിപ്രകാരം ആകാം. നിലവിലുള്ള പ്ലാസ പ്രത്യേകമായി പുതിയ വലിയ പാലങ്ങൾ, ടണലുകൾ, ബൈപാസുകൾ എന്നിവക്കായി മാത്രമാണെങ്കിൽ 60 കിലോമീറ്ററിനുള്ളിൽ മറ്റൊന്ന് ആകാമെന്ന് നിയമത്തിലെ വകുപ്പിലെ അനുബന്ധ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.