
തൃശൂർ: ഓണാഘോഷത്തിന് പ്രതീക്ഷിച്ചതിലേറെ ജനം നഗരത്തിലെത്തിയതിനെ തുടർന്ന് വഴിയോരങ്ങളിൽ മാലിന്യം നിറഞ്ഞുകവിഞ്ഞ് മഴയിൽ ചീഞ്ഞുനാറാൻ തുടങ്ങി. മാലിന്യക്കൂമ്പാരങ്ങളെ ചുറ്റിപ്പറ്റി തെരുവുനായ്ക്കളും കന്നുകാലികളുമേറെ. ശക്തനിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കാതെ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇതിൽ പ്‌ളാസ്റ്റിക് കവറും മറ്റുമുള്ളതിനാൽ മണ്ണിൽ പെട്ടെന്ന് അഴുകില്ല. ഫ്‌ളാറ്റുകളിൽ നിന്നും മറ്റും മാലിന്യങ്ങൾ ഡിവിഷൻ തലത്തിൽ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ടെങ്കിലും ആഘോഷങ്ങളും അവധിക്കാലവുമാകുമ്പോൾ ഇതെല്ലാം തകിടം മറിയും.
2020 ഡിസംബറിൽ അധികാരത്തിലെത്തിയ പുതിയ ഭരണസമിതി മാലിന്യ സംസ്‌കരണം പഠിക്കാനായി പല നഗരങ്ങൾ സന്ദർശിച്ചിരുന്നു. മാലിന്യം തള്ളുന്നതിനെതിരെ കുരിയച്ചിറയിൽ അടക്കം പ്രക്ഷോഭവും ഉയർന്നിരുന്നു. തെരുവുനായ് ശല്യം രൂക്ഷമാകുമ്പോൾ, മാലിന്യപ്രശ്‌നവും വീണ്ടും തലപൊക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ കൂർക്കഞ്ചേരിയിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ മാലിന്യപ്രശ്‌നം ഉയർത്തിക്കാട്ടി പ്രതിപക്ഷം സമരരംഗത്തുണ്ടായിരുന്നു. ശക്തൻ മാർക്കറ്റിലെ മാലിന്യ പ്ലാന്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ മാലിന്യവും ചുമന്ന് കോർപറേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
കീറാമുട്ടിയായി പതിറ്റാണ്ടുകൾ
പതിറ്റാണ്ടുകൾ നീണ്ട ലാലൂർ സമരം അടക്കം നടന്ന തൃശൂരിൽ ഇന്നേവരെ ആധുനികവും ആസൂത്രിതവുമായ മാലിന്യ സംസ്‌കരണ പദ്ധതിയോ മാലിന്യപ്ലാന്റോ ഇല്ല. മാലിന്യം തരം തിരിക്കാനും ഫലപ്രദമായ സംവിധാനമില്ല. തരം തിരിച്ചത് കൊണ്ടുപോകാനും സംസ്‌കരിക്കാനും ശരിയായ വഴികളുമില്ല. ചാലക്കുടി, ഗുരുവായൂർ, കുന്നംകുളം നഗരസഭകൾ മാലിന്യസംസ്‌കരണം ഏറെക്കുറേ ഫലപ്രദമായി നടത്തുന്നുണ്ടെങ്കിലും ഈ മാതൃകകൾ സ്വീകരിക്കാൻ കോർപറേഷൻ തയ്യാറാവുന്നില്ല.
ചത്ത കാളക്കൂറ്റന്റെ വയറ്റിൽ നിറയെ മാലിന്യം
അയ്യന്തോളിൽ ചത്ത കാളക്കൂറ്റന്റെ വയറ്റിൽ നിറയെ മാലിന്യമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അലഞ്ഞുതിരിഞ്ഞിരുന്ന കാളക്കൂറ്റന്മാർ തമ്മിൽക്കുത്തി ഒരെണ്ണം ചൊവ്വാഴ്ച ചത്തിരുന്നു. കാളക്കൂറ്റന്റെ വയർ വീർത്തനിലയിലായിരുന്നുവെന്നും വഴിയോരങ്ങളിലെ മാലിന്യം ധാരാളമായി കാളക്കൂറ്റൻ തിന്നിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മുൻപ് നഗരത്തിൽ ചത്തൊടുങ്ങിയ കാളകളുടെയും പശുക്കളുടെയുമെല്ലാം വയറ്റിൽ നിറയെ പ്‌ളാസ്റ്റിക് മാലിന്യങ്ങളായിരുന്നുവെന്ന് മൃഗഡോക്ടർമാർ വ്യക്തമാക്കി. ചത്തൊടുങ്ങുന്നതിന്റെ പ്രധാനകാരണവും മാലിന്യങ്ങൾ വയറ്റിൽ അടിഞ്ഞുകൂടുന്നതായിരുന്നു. ചോറും മറ്റു ഭക്ഷ്യവസ്തുക്കളും പ്‌ളാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നതാണ് പ്രശ്നമാകുന്നത്.