 
കാരമുക്ക് പള്ളി സ്റ്റോപ്പിൽ ബസ് ഇടിച്ച് തകർന്ന മതിൽ.
കാഞ്ഞാണി: കാരമുക്ക് പള്ളി സ്റ്റോപ്പിൽ വീണ്ടും അപകടം. കാഞ്ഞാണി - കണ്ടശ്ശാംകടവ് സംസ്ഥാന പാതയിൽ കാരമുക്ക് പള്ളി സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനായി ബസ് നിറുത്തുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. ബസ് നിറുത്താതെ പോയെന്നാണ് ആരോപണം. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണമായും തകർന്നു. തൃശുരിൽ നിന്ന് ചേറ്റുവയിലേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. ഇടിയിൽ ബസിന്റെ മുൻവശത്തുള്ള ഗ്ലാസും തകർന്നിട്ടുണ്ട്. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. ബസ് നിറുത്താതെ പോയതായും ദൃക്സാക്ഷികൾ പറഞ്ഞു. ഏതാനും മാസം മുമ്പ് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നി ഇതേ രീതിയിൽ മറ്റൊരു ബസും അപകടത്തിൽപ്പെട്ടിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയും സമാന രീതിയിൽ അപകടത്തിൽപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്റ്റോപ്പിൽ വാഹന അപകടം പതിവായതിനാൽ നാട്ടുകാർ ആശങ്കയിലായി.