കൊടുങ്ങല്ലൂർ: പോരാടി നേടിയ സ്വാതന്ത്ര്യവും നാടും നിലനിറുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയ പാർട്ടികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ. സി.പി.ഐ നേതാവും, ഡെപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി.കെ. ഗോപാലകൃഷ്ണന്റെ പതിമൂന്നാമത് അനുസ്മരണ സമ്മേളനം ശ്രീനാരായണപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയെ പോലും തങ്ങളുടെ വരുതിയിൽ നിറുത്താൻ ഭരണകൂടം ശ്രമിക്കുന്നു. നിലവിലെ ഭരണാധികാരികളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. ഗോപാലകൃഷ്ണന്റെ ലേഖനങ്ങൾ സമാഹരിച്ച് മകൾ ഡോ. ലസിത തയ്യാറാക്കിയ പുസ്തകം ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന് നൽകി സി.എൻ. ജയദേവൻ പ്രകാശനം ചെയ്തു. കെ.ജി. ശിവാനന്ദൻ, ടി.കെ. സുധീഷ്, ടി.പി. രഘുനാഥ്, അഡ്വ. എ.ഡി. സുദർശനൻ, പി.വി. മോഹനൻ, കെ.എസ്. ജയ തുടങ്ങിയവർ പങ്കെടുത്തു.