തിരുവില്വാമല: ജൈവവളത്തിന്റെ പേരിൽ വയോധികയെ കബളിപ്പിച്ച് മൂവായിരം രൂപ കവർന്നു. തിരുവില്വാമല പട്ടിപ്പറമ്പ് പ്ലാവഴി വീട്ടിൽ ജാനകിഅമ്മക്കാണ് പണം നഷ്ടമായത്. തെങ്ങിനിടാനുള്ള ജൈവവളമാണെന്നും കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണെന്നും പറഞ്ഞ് ഓട്ടോയിലെത്തിയ രണ്ടു സ്ത്രീകൾ ജനകിഅമ്മയുടെ കൈയിൽ നിന്നും മൂവായിരം രൂപ വാങ്ങി വളത്തിന്റെ ഇരുപത് പാക്കറ്റ് നൽകുകയായിരുന്നു. വൈകുന്നേരം ജാനകിഅമ്മയുടെ മകന്റെ ഭാര്യ ജോലി കഴിഞ്ഞു വന്നപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

കേരള അഗ്രിഹോൾട്ടി കൾച്ചറൽ ഉത്പാദിപ്പിക്കുന്ന വളം ആണെന്നാണ് ഓട്ടോയിൽ വന്നവർ പറഞ്ഞത്. തിരുവനന്തപുരം എഫ്.സി.എം കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ മേൽ വിലാസമുള്ള പായ്ക്കറ്റിൽ തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ടെന്നും അവകാശപ്പെടുന്നു. എന്നാൽ കൃഷിഭവനുമായി ഇത്തരം വിതരണക്കാർക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും തിരുവില്വാമലയിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പലരും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.